അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഓഗസ്റ്റ് 18 മുതൽ മാറ്റം വരുത്താൻ തീരുമാനം

GCC News

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ഓഗസ്റ്റ് 18 മുതൽ മാറ്റങ്ങൾ വരുത്തുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നേരത്തെ ജൂലൈ 31-ന് പുറത്തിറക്കിയ പട്ടികയിൽ നിന്ന് അർമേനിയ, ഓസ്ട്രിയ, ഇസ്രായേൽ, ഇറ്റലി, മാലിദ്വീപ്, യു എസ് എ എന്നീ രാജ്യങ്ങളെ ഒഴിവാക്കുകയും, മാൾട്ട, ഐർലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളെ ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നിലവിൽ 28 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ഈ പട്ടിക ഓഗസ്റ്റ് 18-ന് ഉച്ചയ്ക്ക് 2 മണിമുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.

ഈ പട്ടികയിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.

  • യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.
  • അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏഴു ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർക്ക് പത്ത് ദിവസം ക്വാറന്റീൻ നിർബന്ധമാണ്.)

2021 ഓഗസ്റ്റ് 18 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:

  • Albania
  • Australia
  • Bahrain
  • Belgium
  • Brunei
  • Bulgaria
  • Canada
  • China
  • Czech Republic
  • Germany
  • Hong Kong (SAR)
  • Hungary
  • Malta
  • Mauritius
  • Moldova
  • New Zealand
  • Poland
  • Republic of Ireland
  • Romania
  • Saudi Arabia
  • Serbia
  • Seychelles
  • Singapore
  • South Korea
  • Sweden
  • Switzerland
  • Taiwan, Province of China
  • Ukraine

ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.

COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെയ്‌ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്‌പേജിൽ അറിയിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് അബുദാബിയിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്തിയിട്ടുണ്ട്.