അബുദാബി: വിവിധ മേഖലകളിലെ പ്രവർത്തന ശേഷിയിൽ ജൂലൈ 19 മുതൽ മാറ്റം വരുത്തുന്നു

featured UAE

എമിറേറ്റിലെ വിവിധ മേഖലകളിലെ അനുവദനീയമായ പരമാവധി പ്രവർത്തന ശേഷിയിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ജൂലൈ 15-ന് രാത്രിയാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റിലെ COVID-19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തുന്ന പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഈ തീരുമാനപ്രകാരം, എമിറേറ്റിലെ വിവിധ മേഖലകളിലെ പ്രവർത്തനശേഷിയിൽ താഴെ പറയുന്ന മാറ്റങ്ങൾ ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്:

  • എമിറേറ്റിലെ പൊതു ബീച്ചുകൾ, പൊതു പാർക്കുകൾ, സ്വിമ്മിങ്ങ് പൂളുകൾ, റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകൾ, ഹോട്ടലുകളിലെ ജിം, സ്പാ മുതലായവ പരമാവധി അമ്പത് ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
  • പൊതു ഗതാഗതത്തിനുള്ള ബസുകൾ, ഫെറി എന്നിവ പരമാവധി അമ്പത് ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കുന്നതാണ്.
  • ഷോപ്പിംഗ് മാളുകൾ പരമാവധി നാല്പത് ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
  • സിനിമാശാലകൾ പരമാവധി മുപ്പത് ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
  • അഞ്ച് യാത്രികർക്ക് സഞ്ചരിക്കാവുന്ന ടാക്സികളിൽ പരമാവധി മൂന്ന് പേർക്ക് സഞ്ചരിക്കാൻ അനുമതി നൽകും. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടാക്സികളിൽ നാല് പേർക്ക് വരെ സഞ്ചരിക്കാം.

പൊതുസമൂഹത്തിലെ സുരക്ഷ മുൻനിർത്തി പൊതുഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ COVID-19 നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ, 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും, രാത്രികാലങ്ങളിൽ അഞ്ച് മണിക്കൂർ യാത്രാ നിയന്ത്രണം ഏർപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.