അബുദാബി: COVID-19 നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഷോപ്പിംഗ് മാളുകളിൽ 40% സന്ദർശകർക്ക് പ്രവേശനാനുമതി; ഒത്തുചേരലുകൾ വിലക്കി

featured GCC News

എമിറേറ്റിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇത് നടപ്പിലാക്കുന്നതിനായി വാണിജ്യ, വ്യാപാര, ടൂറിസം മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ടുള്ള പുതുക്കിയ മുൻകരുതൽ മാനദണ്ഡങ്ങളും കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരി 7-ന് വൈകീട്ടാണ് കമ്മിറ്റി ഇക്കാര്യം പ്രഖ്യാപിച്ചത്. വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, ഹോട്ടലുകൾ, പൊതു, സ്വകാര്യ ബീച്ചുകൾ, നീന്തൽകുളങ്ങൾ, പാർക്കുകൾ, ജിം, സിനിമാശാലകൾ തുടങ്ങിയ വിവിധ ഇടങ്ങളിലും, പൊതു ഗതാഗത മേഖലയിലും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കമ്മിറ്റി ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ എമിറേറ്റിലെ സാമൂഹിക ചടങ്ങുകളിലുള്ള നിയന്ത്രണങ്ങളും കമ്മിറ്റി കർശനമാക്കിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ ഫെബ്രുവരി 7, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായും കമ്മിറ്റി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 7 മുതൽ അബുദാബിയിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ:

  • ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സിനിമാശാലകൾ അടച്ചിടും.
  • പാർട്ടികൾ, ആഘോഷ പരിപാടികൾ, ഒത്ത്‌ചേരലുകൾ എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദിക്കില്ല.
  • ഷോപ്പിംഗ് മാളുകളിൽ പരമാവധി ശേഷിയുടെ 40 ശതമാനം പേർക്ക് മാത്രം പ്രവേശനാനുമതി.
  • റസ്റ്ററെന്റുകൾ, കഫെ മുതലായ ഭക്ഷണശാലകൾക്ക് പരമാവധി ശേഷിയുടെ 60 ശതമാനം ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ പ്രവർത്തനം പരിമിതപ്പെടുത്തേണ്ടതാണ്.
  • ഹോട്ടലുകൾ പരമാവധി ശേഷിയുടെ 60 ശതമാനത്തിൽ പ്രവർത്തിക്കും.
  • സ്വകാര്യ ബീച്ചുകൾ, സ്വിമിങ്ങ് പൂളുകൾ എന്നിവ പരമാവധി ശേഷിയുടെ 60 ശതമാനത്തിൽ പ്രവർത്തിക്കും.
  • പൊതു ബീച്ചുകൾ, പാർക്കുകൾ എന്നിവയുടെ പ്രവർത്തനം പരമാവധി ശേഷിയുടെ 60 ശതമാനം എന്ന നിലയിൽ പരിമിതപ്പെടുത്തും.
  • ജിം, ഹെൽത്ത് സെന്ററുകൾ എന്നിവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി.

ഫെബ്രുവരി 7 മുതൽ അബുദാബിയിലെ പൊതുഗതാഗത മേഖലയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ:

  • ടാക്സി സേവനങ്ങൾ പരമാവധി ശേഷിയുടെ 45% എന്ന രീതിയിൽ പരിമിതപ്പെടുത്തും.
  • പൊതു ഗതാഗതത്തിനുള്ള ബസുകൾ 75 ശതമാനം പ്രവർത്തന ശേഷിയിൽ സേവനങ്ങൾ നൽകും.

സാമൂഹിക ചടങ്ങുകൾക്കുള്ള നിർദ്ദേശങ്ങൾ:

  • വിവാഹം, കുടുംബ സംഗമങ്ങൾ എന്നിവയിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം.
  • ശവസംസ്കാരചടങ്ങുകളിലും, അനുശോചന ചടങ്ങുകളിലും പരാമവധി 20 പേർക്ക് പങ്കെടുക്കാം.

എമിറേറ്റിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായാണ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇത്തരം നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലുടനീളം വാണിജ്യ, വ്യാപാര, ടൂറിസം മേഖലകളിൽ പരിശോധനകൾ ശക്തമാക്കാൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.