അബുദാബിയിലേക്ക് പ്രവേശിക്കുന്ന ട്രക്ക് ഡ്രൈവർമാർക്കുള്ള PCR പരിശോധനാ നടപടികളിൽ ഫെബ്രുവരി 1 മുതൽ മാറ്റം വരുത്തുന്നു

UAE

എമിറേറ്റിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾ, മറ്റു ചരക്ക് വാഹനങ്ങൾ മുതലായവയിലെ ഡ്രൈവർമാർക്കുള്ള COVID-19 PCR പരിശോധനാ നടപടികളിൽ 2021 ഫെബ്രുവരി 1 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പ്രഖ്യാപിച്ചു. ജനുവരി 25-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ തീരുമാന പ്രകാരം അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ ചരക്ക് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ഏഴ് ദിവസത്തിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഫെബ്രുവരി 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

എന്നാൽ COVID-19 വാക്സിനേഷൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ള ഡ്രൈവർമാർക്ക് എല്ലാ ഏഴ് ദിവസം കൂടുമ്പോഴും PCR ടെസ്റ്റ് സൗജന്യമായി നൽകുമെന്നും കമ്മിറ്റി അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.