അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; 48 മണിക്കൂറിനിടയിൽ ലഭിച്ച നെഗറ്റീവ് റിസൾട്ട് നിർബന്ധം

featured GCC News

COVID-19 വ്യാപന സാധ്യതകൾ കുറയ്ക്കുന്നതിനായി, 2021 ജനുവരി 17, ഞായറാഴ്ച്ച മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി എമെർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു. ജനുവരി 16-ന് രാത്രിയാണ് കമ്മിറ്റി ഈ തീരുമാനം അറിയിച്ചത്.

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യു എ ഇ പൗരന്മാർക്കും, യു എ ഇ നിവാസികൾക്കും (അബുദാബിയിലെ നിവാസികൾ ഉൾപ്പടെ) ഈ പ്രവേശന സുരക്ഷാ നിർദ്ദേശങ്ങൾ ബാധകമാണ്.

അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ:

  • എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന COVID-19 PCR അല്ലെങ്കിൽ DPI നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി വീണ്ടും 48 മണിക്കൂറാക്കി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് 2020 ഡിസംബർ 24 മുതൽ 72 മണിക്കൂറാക്കി നീട്ടി നൽകിയിരുന്നു. ഇതോടെ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ പേരും അബുദാബിയിലെത്തുന്നതിനു മുൻപ് 48 മണിക്കൂറിനുള്ളിൽ നേടിയ COVID-19 PCR അല്ലെങ്കിൽ DPI നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • എമിറേറ്റിലേക്ക് പ്രവേശിച്ച ശേഷം നാല് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്ക് നാലാം ദിവസത്തിൽ വീണ്ടും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എമിറേറ്റിൽ പ്രവേശിച്ച ശേഷം 8 ദിവസത്തിൽ കൂടുതൽ തുടർച്ചയായി തുടരുന്നവർ എട്ടാം ദിനം വീണ്ടും ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. നാലാം ദിനത്തിൽ നിർബന്ധമായിട്ടുള്ള ടെസ്റ്റിന് പുറമെയാണിത്. അബുദാബിയിലേക്ക് പ്രവേശിച്ച ദിവസം ഒന്നാം ദിനം എന്ന രീതിയിലാണ് ഈ ദിനങ്ങൾ കണക്കാക്കുന്നത്.

ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെയും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെയും ഭാഗമായിട്ടുള്ളവർക്ക് (അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന ഗോൾഡൻ സ്റ്റാർ അല്ലെങ്കിൽ E ചിഹ്നം നിർബന്ധം) ഈ നടപടികളിൽ ഇളവ് അനുവദിക്കുന്നതാണ്.