ഒമാൻ: ഫെബ്രുവരി 12 മുതൽ വാണിജ്യ കേന്ദ്രങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനമാക്കുന്നു; പാർക്കുകളും, ബീച്ചുകളും അടച്ചു

featured GCC News

രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി വാണിജ്യ, വിനോദ മേഖലകളിലും, സാമൂഹിക രംഗത്തും നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചും കമ്മിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരി 10, ബുധനാഴ്ച്ചയാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് വാണിജ്യ, വിനോദ മേഖലകളിലും, സാമൂഹിക രംഗത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്തെ COVID-19 സാഹചര്യവും, വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളും കമ്മിറ്റി ഈ യോഗത്തിൽ അവലോകനം ചെയ്തു.

രാജ്യത്ത് രോഗവ്യാപനം വീണ്ടും കൂടുന്നതായി കണ്ടെത്തിയതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കമ്മിറ്റി തീരുമാനിച്ചത്. രാജ്യത്തെ വിവിധ മേഖലകളിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ തുടരുന്ന വീഴ്ച്ചകളും ഈ തീരുമാനം കൈക്കൊള്ളാൻ കമ്മിറ്റിയെ നിർബന്ധിതരാക്കിയതായാണ് സൂചന.

2021 ഫെബ്രുവരി 11, വ്യാഴാഴ്ച്ച മുതൽ ഒമാനിൽ നടപ്പിലാക്കുന്നതിനായി സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ:

  • രാജ്യത്തുടനീളമുള്ള മുഴുവൻ പൊതു പാർക്കുകളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.
  • എല്ലാ ബീച്ചുകളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.
  • വീടുകളിലും, മറ്റു സ്വകാര്യ ഇടങ്ങളിലും നടത്തുന്ന എല്ലാ ഒത്ത്‌ചേരലുകളും ഒഴിവാക്കാൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

2021 ഫെബ്രുവരി 12, വെള്ളിയാഴ്ച്ച രാവിലെ മുതൽ ഒമാനിൽ നടപ്പിലാക്കുന്നതിനായി സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ:

  • ഷോപ്പിംഗ് കേന്ദ്രങ്ങൾ, വ്യാപാരശാലകൾ, മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി നിജപ്പെടുത്തി.
  • റെസ്റ്ററെന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകൾ, ശിഷാ കേന്ദ്രങ്ങൾ, ജിം, ഇൻഡോർ സ്പോർട്സ് ഹാൾ മുതലായവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി പരിമിതപ്പെടുത്തി.
  • സ്വകാര്യ മേഖലയിലും, സർക്കാർ മേഖലയിലുമുള്ള സേവന കേന്ദ്രങ്ങളുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി പരിമിതപ്പെടുത്തി. ഇത്തരം കേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 50% സന്ദർശകർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

ഫെബ്രുവരി 12 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങൾ രാജ്യത്ത് ബാധകമായിരിക്കും.

രാജ്യത്തേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതിനും ഇതേ യോഗത്തിൽ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.