ഒമാൻ: കര അതിർത്തികൾ അടച്ചിടുന്നത് തുടരും; നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ വാണിജ്യമേഖലയിൽ രാത്രികാല നിയന്ത്രണം

featured GCC News

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടുന്നത് തുടരാനുള്ള 2021 ഫെബ്രുവരി 7-ലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനം നിലവിൽ പിൻവലിക്കില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. ഫെബ്രുവരി 10, ബുധനാഴ്ച്ചയാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടുന്നത് തുടരുമെന്ന് അറിയിച്ചത്. രാജ്യത്തെ COVID-19 സാഹചര്യവും, വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളും കമ്മിറ്റി ഈ യോഗത്തിൽ അവലോകനം ചെയ്തു. രാജ്യത്ത് രോഗവ്യാപനം വീണ്ടും കൂടുന്നതായി കണ്ടെത്തിയതോടെയാണ് കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്.

ആഗോളതലത്തിൽ തുടരുന്ന COVID-19 രോഗബാധയുടെ വ്യാപനം അത്യന്തം ഉത്കണ്ഠയോടെയാണ് നോക്കികാണുന്നതെന്ന് യോഗത്തിന് ശേഷം സുപ്രീം കമ്മിറ്റി വ്യക്തമാക്കി. രാജ്യത്തെ വിവിധ മേഖലകളിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ തുടരുന്ന വീഴ്ച്ചകൾ ഒമാനിലും വൈറസ് വ്യാപനം കൂടുന്നതിന് ഇടയാക്കുന്നതായി കമ്മിറ്റി നിരീക്ഷിച്ചു. സാമൂഹിക ചടങ്ങുകൾക്കായുള്ള വലിയ ഒത്ത്‌ചേരലുകൾ, ക്വാറന്റീൻ നടപടികളിലെ വീഴ്ച്ചകൾ തുടങ്ങിയവയിൽ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. തുടർന്ന് ഒമാനിൽ വൈറസ് വ്യാപനം തടയുന്നതിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ നിയന്ത്രണങ്ങൾ സംബന്ധിച്ച് കമ്മിറ്റി അറിയിപ്പ് നൽകി.

2021 ഫെബ്രുവരി 10-ലെ സുപ്രീം കമ്മിറ്റി യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ:

  • രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. ട്രക്കുകൾക്ക് ഉപയോഗിച്ചുള്ള ചരക്ക് ഗതാഗതത്തിൽ മാത്രം ഇതിൽ ഇളവ് അനുവദിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. വിദേശത്തു നിന്ന് തിരികെ എത്തുന്ന ഒമാൻ പൗരന്മാർക്ക് 2021 ഫെബ്രുവരി 21 വരെ കര അതിർത്തികളിലൂടെ പ്രവേശനം അനുവദിക്കുമെന്നും കമ്മിറ്റി അറിയിച്ചു. എന്നാൽ ഇവർക്ക് സ്വന്തം ചെലവിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
  • രാജ്യത്തേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന (കര, കടൽ, വ്യോമ അതിർത്തികളിലൂടെ) മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കും.
  • ഫെബ്രുവരി 12, വെള്ളിയാഴ്ച്ച വൈകീട്ട് മുതൽ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ദിനവും രാത്രി 7 മുതൽ രാവിലെ 6 വരെ എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. 14 ദിവസത്തേക്കാണ് ഈ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് മാത്രമാണ് രാത്രികാലങ്ങളിൽ പ്രവർത്തിക്കാൻ അനുമതി.
  • 2021 ഫെബ്രുവരി 11, വ്യാഴാഴ്ച്ച മുതൽ രാജ്യത്തുടനീളമുള്ള മുഴുവൻ പൊതു പാർക്കുകളും ബീച്ചുകളും, വിനോദകേന്ദ്രങ്ങളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.
  • കൃഷിയിടങ്ങൾ, ക്യാമ്പുകൾ, റസ്റ്റ് ഹൗസുകൾ മുതലായ ഇടങ്ങളിൽ നടത്തുന്ന എല്ലാ തരം ഒത്ത്‌ചേരലുകളും വിലക്കി.
  • വീടുകളിലും, മറ്റു സ്വകാര്യ ഇടങ്ങളിലും നടത്തുന്ന എല്ലാ ഒത്ത്‌ചേരലുകളും ഒഴിവാക്കാൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
  • 2021 ഫെബ്രുവരി 12 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, സ്വകാര്യ മേഖലയിലും, സർക്കാർ മേഖലയിലുമുള്ള സേവന കേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി നിജപ്പെടുത്തി.