COVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററുമായി ചേർന്നാണ് കമ്മിറ്റി ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.
ഓഗസ്റ്റ് 14-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മുഴുവൻ സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി ഈ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കാൻ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അബുദാബിയിൽ 2021 ഓഗസ്റ്റ് 15 മുതൽ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ:
- ഇത്തരത്തിൽ സമ്പർക്കത്തിനിടയായവർ COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത വ്യക്തികളാണെങ്കിൽ അവർ ഏഴ് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ്. ആറാം ദിനത്തിൽ ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ ഏഴാം ദിനം ഇവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതും, ക്വാറന്റീൻ റിസ്റ്റ് ബാൻഡ് ഒഴിവാക്കാവുന്നതുമാണ്.
- വാക്സിൻ എടുക്കാത്തവർ പത്ത് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ് (നേരത്തെ പന്ത്രണ്ട് ദിവസമായിരുന്നു). ഒമ്പതാം ദിനത്തിൽ ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ പത്താം ദിനം ഇവർക്ക് ക്വാറന്റീൻ, റിസ്റ്റ് ബാൻഡ് എന്നിവ ഒഴിവാക്കാവുന്നതാണ്.
ഹോം ക്വാറന്റീനിൽ തുടരുന്നവർക്ക് താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി വാക്-ഇൻ PCR ടെസ്റ്റ് നടത്താവുന്നതും, റിസ്റ്റ് ബാൻഡ് ഊരിമാറ്റാനുള്ള സേവനം ലഭിക്കുന്നതുമാണ്:
- SEHA COVID-19 പ്രൈം അസ്സസ്മെന്റ് സെന്റർ, സയ്ദ് പോർട്ട്, അബുദാബി.
- അൽ ഐൻ കൺവെൻഷൻ സെന്റർ.
- മദിനത് സയ്ദ്, അൽ ദഫ്റ.
- SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന അൽ ദഫ്റയിലെ മുഴുവൻ ഹോസ്പിറ്റലുകളിലും.