COVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററുമായി ചേർന്നാണ് കമ്മിറ്റി ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.
ജൂലൈ 6, ചൊവ്വാഴ്ച്ച രാവിലെയാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മുഴുവൻ സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി ഈ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കാൻ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
അബുദാബിയിൽ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ:
- ഇത്തരത്തിൽ സമ്പർക്കത്തിനിടയായവർ വാക്സിൻ കുത്തിവെപ്പെടുത്ത വ്യക്തികളാണെങ്കിൽ അവർ ഏഴ് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ് (നേരത്തെ അഞ്ച് ദിവസമായിരുന്നു). ആറാം ദിനത്തിൽ ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ ഏഴാം ദിനം ഇവർക്ക് ക്വാറന്റീൻ റിസ്റ്റ് ബാൻഡ് ഒഴിവാക്കാവുന്നതാണ്.
- വാക്സിൻ എടുക്കാത്തവർ പന്ത്രണ്ട് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ് (നേരത്തെ പത്ത് ദിവസമായിരുന്നു). പതിനൊന്നാം ദിനത്തിൽ ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ പന്ത്രണ്ടാം ദിനം ഇവർക്ക് ക്വാറന്റീൻ റിസ്റ്റ് ബാൻഡ് ഒഴിവാക്കാവുന്നതാണ്.
ഹോം ക്വാറന്റീനിൽ തുടരുന്നവർക്ക് താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി വാക്-ഇൻ PCR ടെസ്റ്റ് നടത്താവുന്നതും, റിസ്റ്റ് ബാൻഡ് ഊരിമാറ്റാനുള്ള സേവനം ലഭിക്കുന്നതുമാണ്:
- സയ്ദ് പോർട്ട്, അബുദാബി.
- മഫ്‌റഖ് ഹോസ്പിറ്റൽ, അബുദാബി.
- ADNEC, അബുദാബി.
- അൽ ഐൻ കൺവെൻഷൻ സെന്റർ.
- മദിനത് സയ്ദ്, അൽ ദഫ്‌റ.
- SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന അൽ ദഫ്‌റയിലെ മുഴുവൻ ഹോസ്പിറ്റലുകളിലും.