അബുദാബി: വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിനെടുത്തിട്ടുള്ള മുഴുവൻ യാത്രികർക്കും ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനം

featured GCC News

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. സെപ്റ്റംബർ 2-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ യാത്രികർക്കും ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ഈ അറിയിപ്പിൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കുന്ന യാത്രികർക്ക് മാത്രമാണ് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകിയിരുന്നത്.

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് നിലവിൽ 7 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ തീരുമാനത്തോടെ, സെപ്റ്റംബർ 5 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നും അബുദാബിയിലേക്കെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ യാത്രികർക്കും ക്വാറന്റീൻ ഒഴിവാകുന്നതാണ്.

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് അനുസരിച്ചുള്ള ക്വാറന്റീൻ നടപടികൾ, PCR ടെസ്റ്റിംഗ് നിബന്ധനകൾ എന്നിവയിലാണ് സെപ്റ്റംബർ 5 മുതൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ഈ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന പൗരന്മാർ, പ്രവാസികൾ, സന്ദർശകർ തുടങ്ങിയ മുഴുവൻ യാത്രികരും താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.

  • അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും (വാക്സിനെടുത്തവരും, അല്ലാത്തവരും ഉൾപ്പടെ) യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • എല്ലാ യാത്രികർക്കും അബുദാബിയിലെ വിമാനത്താവളത്തിൽ നിന്ന് ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് സെപ്റ്റംബർ 5 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:

  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ സെപ്റ്റംബർ 5 മുതൽ ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്.

COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ ഏറ്റവും പുതുക്കിയ പട്ടിക (2021 സെപ്റ്റംബർ 1-ന് പ്രസിദ്ധീകരിച്ചത്) https://pravasidaily.com/abu-dhabi-to-update-green-list-of-covid-19-safe-countries-from-september-1-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടില്ലാത്തവർക്ക് സെപ്റ്റംബർ 5 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:

  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാതെ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും, ഒമ്പതാം ദിനത്തിലും വീണ്ടും COVID-19 PCR ടെസ്റ്റുകൾ നടത്തേണ്ടതാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർ ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പത്ത് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ഒമ്പതാം ദിനത്തിൽ മറ്റൊരു COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്.