എമിറേറ്റിൽ താമസിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കും പ്രത്യേക ഫ്ലെക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് അവസരം നൽകുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. 2023 ഫെബ്രുവരി 16-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് എന്നിവർ സംയുക്തമായാണ് ഇത്തരം ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഫ്ലെക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിലൂടെ പ്രവാസി സംരംഭകർക്ക് കുറഞ്ഞ ചെലവിൽ ആരോഗ്യ സുരക്ഷാ പരിരക്ഷ ഉറപ്പ് വരുത്താൻ അവസരം ലഭിക്കുന്നതാണ്.
ആവശ്യമെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നതിനുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരും, ചുരുങ്ങിയത് അയ്യായിരം ദിർഹത്തിലും കൂടുതൽ മാസവരുമാനം ഉള്ളവരുമായ പ്രവാസികൾക്കും ഇത്തരം ഫ്ലെക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
ഫ്രീ ബിസിനസ് ലൈസൻസുകൾ ഉള്ളവർ, നിക്ഷേപകർ, ഇവരുടെ കുടുംബാംഗങ്ങൾ, ഇവരുടെ ജീവനക്കാർ, മറ്റു ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരായ കുടുംബാംഗങ്ങൾ തുടങ്ങിയവർക്കും വ്യവസ്ഥകൾക്കനുസൃതമായി ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.