അബുദാബി: വാണിജ്യ സ്ഥാപനങ്ങളിലെയും മാളുകളിലെയും 20000-ത്തോളം ജീവനക്കാർക്ക് COVID-19 പരിശോധനകൾ നടത്തി

GCC News

അബുദാബിയിലെ ഷോപ്പിംഗ് മാളുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും 20000-ത്തോളം ജീവനക്കാരെ COVID-19 പരിശോധനകൾക്ക് വിധേയരാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഏപ്രിൽ 28-നു അറിയിച്ചു. അബുദാബിയിൽ ഷോപ്പിംഗ് മാളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാനിരിക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാർക്ക് കൊറോണാ വൈറസ് പരിശോധനകൾ കർശനമാക്കിയത്.

മാളുകൾ തുറക്കുന്നതു സംബന്ധിച്ച് തീരുമാനം കൈകൊള്ളുന്നതിനു മുൻപ് തന്നെ ജീവനക്കാർക്ക് കൊറോണാ വൈറസ് രോഗബാധയില്ലാ എന്ന് ഉറപ്പിക്കുന്നതിനായാണ് ഈ നടപടി.

അബുദാബി സിറ്റി, അൽ വത്ബ, അൽ ബഹിയ, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലെ 7 ഡ്രൈവ് ഇൻ COVID-19 പരിശോധനാ കേന്ദ്രങ്ങളിലായാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാളുകളിലെ ജീവനക്കാരുടെ പരിശോധനകൾ നടത്തിയത്. COVID-19 ടെസ്റ്റുകൾക്ക് പുറമെ ജീവനക്കാരുടെ ഇടയിൽ COVID-19 നെ കുറിച്ചും, അതിന്റെ പ്രതിരോധ നടപടികളെക്കുറിച്ചും ബോധവത്‌കരണവും നടത്തിയതായി SEHA അറിയിച്ചു.

മാളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികളും, ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ജീവനക്കാർക്ക് നൽകിയതായും SEHA വ്യക്തമാക്കി.സമൂഹ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം, മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ട വിധം, അണുനശീകരണ പ്രവർത്തനങ്ങൾ, കയ്യുറകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം, ഉപഭോക്താക്കളെയും ജീവനക്കാരെയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിക്കുന്ന നടപടികൾ മുതലായ വിഷയങ്ങളിലാണ് ജീവനക്കാർക്ക് SEHA പരിശീലനം നൽകിയത്.

Photo: WAM