ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ആരോഗ്യപരമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങൾക്ക് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പുതിയ COVID-19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. എമിറേറ്റിലെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ഇത് സംബന്ധമായ അറിയിപ്പ് നൽകിയിട്ടുള്ളത്.
ഇതനുസരിച്ച് അബുദാബിയിലെ സ്ഥാപനങ്ങൾ, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (NCEMA), COVID-19 വ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
എമിറേറ്റിലെ വാണിജ്യ മേഖലയിൽ, പ്രവർത്തനങ്ങൾ തടസങ്ങളില്ലാതെ നടക്കുന്നുണ്ടെന്നു ഉറപ്പിക്കുന്നതോടൊപ്പം, തൊഴിലിടങ്ങൾ ജീവനക്കാരുടെ ആരോഗ്യ സുരക്ഷ കൂടി ഉറപ്പാക്കണമെന്ന് ADDED അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽ കരിം അൽ ബലൂഷി വ്യക്തമാക്കി. ഇതിനായുള്ള മാർഗരേഖകൾ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ജീവനക്കാരുടെ ഇടയിൽ COVID-19 വ്യാപന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണീ നിർദ്ദേശങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊത്തവ്യാപാരം, ചില്ലറ വില്പന മേഖല, മാർക്കറ്റിംഗ്, ട്രാൻസ്പോർട്ടേഷൻ,സാമ്പത്തികം തുടങ്ങി വിവിധ വാണിജ്യ മേഖലകളിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ആരോഗ്യ നിർദ്ദേശങ്ങൾ ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ADDED നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
- 18 മുതൽ 55 വരെ പ്രായമുള്ള, രോഗങ്ങളോ, മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്ത പൂർണ്ണ ആരോഗ്യത്തോടെയുള്ള ജീവനക്കാർക്ക് മാത്രമായിരിക്കും തൊഴിലിടങ്ങളിൽ പ്രവേശനാനുമതി. രോഗവ്യാപനം തടയാൻ ഇത് വളരെ പ്രധാനമാണ്. 55 വയസ്സിനു മുകളിൽ പ്രായമുള്ളവരോ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോ ആയ ജീവനക്കാർക്ക് വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്.
- 30-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ തെർമൽ ക്യാമറകളും, തെർമൽ ഡിറ്റക്ടറുകളും നിർബന്ധമാണ്. ജീവനക്കാർ മുഴുവൻ സമയങ്ങളിലും മാസ്കുകളും കയ്യുറകളും ഉപയോഗിക്കണം. ഉപഭോക്താക്കളുമായി ഇടപെടുന്നവർ ഗ്ലാസ്സ് മറയ്ക്ക് പിന്നിൽ നിന്ന് മാത്രമേ ഇടപാടുകൾ നടത്താവൂ.
- സമൂഹ അകലം എല്ലാ തരത്തിലും പാലിക്കണം.
- പണമിടപാടുകൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മാത്രം അനുവദിക്കുക.
- സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങൾ അണുവിമുക്തമാക്കേണ്ടതാണ്.
- ജീവനക്കാർക്കിടയിലുള്ള പനി മുതലായ രോഗവിവരങ്ങൾ അധികൃതരെ അറിയിക്കേണ്ടതാണ്.