നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ തുറന്ന് പ്രവർത്തിക്കാനൊരുങ്ങുന്ന ഷോപ്പിംഗ് മാളുകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയതായി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു. ഈ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ വാണിജ്യ കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ടായിരിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയ ശേഷം അബുദാബിയിലെ മാളുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ കർശനമാകുമെന്നും DED അറിയിച്ചിട്ടുണ്ട്.
മാളുകൾക്ക് നൽകിയിട്ടുള്ള പ്രവർത്തന നിർദ്ദേശങ്ങൾ:
- ജീവനക്കാർക്കെല്ലാം COVID-19 പരിശോധനകൾ നിർബന്ധമാക്കി.
- ജീവനക്കാർക്കെല്ലാം മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാക്കി.
- മാളുകളുടെ പ്രവേശന കവാടങ്ങളിൽ തെർമൽ സ്കാനിങ്ങ് സംവിധാനം നിർബന്ധമാണ്.
- മാളുകളുടെ പ്രവേശന കവാടങ്ങളിൽ അണുനശീകരണത്തിനുള്ള സംവിധാനങ്ങൾ നിർബന്ധം.
- മാളുകളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും വെവ്വേറെ കവാടങ്ങൾ ഒരുക്കേണ്ടതാണ്.
- കാർ പാർക്കിങ്ങുകളിൽ ഉൾകൊള്ളാവുന്നതിന്റെ 50 ശതമാനം വാഹനങ്ങളെ പ്രവേശിപ്പിക്കാൻ അനുമതി നൽകു.
- സമൂഹ അകലം പാലിച്ച് മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ. 5 സ്‌ക്വയർ മീറ്ററിൽ ഒരു ഉപഭോക്താവ് എന്ന അളവിൽ ഓരോ സ്ഥാപനങ്ങളിലും ഉൾകൊള്ളാവുന്നതിന്റെ താഴെ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കാവൂ.
- മാളുകളിലെ ഭക്ഷണ വിഭവങ്ങളുടെ കേന്ദ്രങ്ങളിൽ ഉൾകൊള്ളാവുന്നതിന്റെ 30 ശതമാനത്തിൽ താഴെ മാത്രം ഉപഭോക്താക്കൾക്ക് അനുമതി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളേറ്റുകൾ, സ്പൂൺ, ഗ്ലാസുകൾ മുതലായവ നിർബന്ധം. 4 പേരിൽ കൂടുതൽ കൂട്ടമായി ഇരിക്കാൻ അനുമതി നൽകില്ല. മേശകൾ തമ്മിൽ ചുരുങ്ങിയത് 2.5 മീറ്റർ അകലം പാലിക്കണം.
- ലിഫ്റ്റുകളുടെ ഉപയോഗം ശാരീരികമായി ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് മാത്രമായി ചുരുക്കണം.
- മാളുകളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും സമൂഹ അകലവും പൊതുജനങ്ങളെ ഓർമിപ്പിക്കുന്നതിനുള്ള അടയാളങ്ങൾ എല്ലായിടത്തും പ്രദർശിപ്പിക്കണം.
- എല്ലാ ദിവസവും അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും നിർബന്ധം.
ഇവയെല്ലാം പ്രാവർത്തികമാക്കിയ ശേഷമായിരിക്കും മാളുകൾക്ക് പ്രവർത്തിക്കുന്നതിനുള്ള അനുമതികൾ നൽകുക. DED അനുമതികൾ നല്കുന്നതിനനുസരിച്ച് ഓരോ ഷോപ്പിംഗ് മാളുകളുടെയും പ്രവർത്തന സമയം അതാത് മാളുകൾക്ക് നിശ്ചയിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, മാളുകളിലെ ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ നടപടികളെപ്പറ്റി പരിശീലന പരിപാടികൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. മാസ്കുകൾ ശരിയായ വിധത്തിൽ ധരിക്കുക, ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക, ഏറ്റവും പുതിയ ആരോഗ്യ വിവരങ്ങളിൽ ബോധവത്കരണം നൽകുക മുതലായവ ജീവനക്കാർക്കിടയിൽ ഈ പരിശീലന പരിപാടിയിലൂടെ ഉറപ്പാക്കും.