സാദിയത് മറീന ആൻഡ് ഫെറി ടെർമിനൽ, റബ്ദാൻ മറീന എന്നിവ ഉദ്ഘാടനം ചെയ്തു. 2024 മാർച്ച് 28-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ, അബുദാബി മാരിടൈം എന്നിവർ സംയുക്തമായാണ് ഈ മറീനകൾ പ്രാദേശിക നാവികർക്കും, ബോട്ട് ഉടമകൾക്കുമായി തുറന്ന് കൊടുത്തത്. എമിറേറ്റിലെ നാവിക ഗതാഗതം കൂടുതൽ സുഗമമാക്കുന്നതും, നാവിക മേഖലയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ നടപടി.
ഏറ്റവും നവീനമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് സാദിയത് മറീന ആൻഡ് ഫെറി ടെർമിനൽ, റബ്ദാൻ മറീന എന്നിവ. വിവിധ തരത്തിലുള്ള യാനങ്ങൾക്ക് ഉപയോഗിക്കാനാകുന്ന രീതിയിലാണ് സാദിയത് മറീന ആൻഡ് ഫെറി ടെർമിനൽ ഒരുക്കിയിരിക്കുന്നത്.
ഇവിടെ ബോട്ടുകൾ നിർത്തിയിടുന്നതിനായി പൊങ്ങിക്കിടക്കുന്ന 64 ചങ്ങാടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 12 ഡ്രൈ ബെർത്തുകൾ, 6 വാണിജ്യ സ്ഥാപനങ്ങൾ, 70 പാർക്കിംഗ് ഇടങ്ങൾ, മറ്റു അനുബന്ധ കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. സാദിയത്തിനെ അടുത്തുള്ള മറ്റു ദ്വീപുകളുമായി ബന്ധിപ്പിക്കുന്നത്തിനായി രണ്ട് അതിനൂതന ഫെറി റാമ്പുകളും ഇവിടെ നിർമ്മിച്ചിട്ടുണ്ട്.
അബുദാബിയിലെ റബ്ദാൻ മേഖലയിൽ നിർമ്മിച്ചിട്ടുള്ള റബ്ദാൻ മറീന ഉല്ലാസനൗകകൾക്ക് നിർത്തിയിടുന്നതിനുള്ള സേവനങ്ങൾ നൽകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം ബോട്ടുകൾ, ജെറ്റ് സ്കീ എന്നിവയ്ക്കായുള്ള 19 ബെർത്തുകൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്.
Cover Image: Abu Dhabi Media Office.