ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർ കസ്റ്റംസ് നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ

featured GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഒമാൻ കസ്റ്റംസ് ആഹ്വാനം ചെയ്തു. 2023 ജൂൺ 14-നാണ് ഒമാൻ കസ്റ്റംസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം തടയുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി ഒമാനിലേക്ക് പ്രവേശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കൾ, പണം, ലോഹങ്ങൾ മുതലായവ ഒമാൻ കസ്റ്റംസിൽ ഡിക്ലയർ ചെയ്യേണ്ടതാണ്.

ഇത് സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങളാണ് ഒമാൻ കസ്റ്റംസ് അറിയിച്ചിരിക്കുന്നത്:

  • ഒമാനിലേക്ക് സഞ്ചരിക്കുന്നവർ തങ്ങളുടെ കൈവശമുള്ള 6000 ഒമാനി റിയാലിന് മുകളിൽ മൂല്യമുള്ള കറൻസികൾ സംബന്ധിച്ച് കസ്റ്റംസിൽ സത്യവാങ്മൂലം നൽകേണ്ടതാണ്.
  • കൈവശമുള്ള ചെക്ക്, ബോണ്ട്, ഷെയർ, പേയ്മെന്റ് ഓർഡർ മുതലായവ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തേണ്ടതാണ്.
  • സ്വർണ്ണം, വജ്രം, രത്നക്കല്ലുകൾ, മറ്റു വിലകൂടിയ ലോഹങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തേണ്ടതാണ്.