എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള മാലിന്യ ബഹിര്‍ഗമനം അളക്കുന്നതിനായുള്ള ഒരു പ്രത്യേക റിമോട്ട് മോണിറ്ററിങ്ങ് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു. 2023 ഫെബ്രുവരി 2-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ എമിറേറ്റിലെ റോഡുകളിലെ വാഹനങ്ങളിൽ നിന്നുള്ള മാലിന്യ ബഹിര്‍ഗമനം വിദൂര രീതിയിൽ അളക്കുന്നതിന് സാധിക്കുന്നതാണ്. 4 എർത്ത് ഇന്റലിജൻസ് എൻവിറോൺമെന്റൽ കൺസൾട്ടൻസി, യു എസ് എയിൽ നിന്നുള്ള ഹാഗർ എൻവിറോൺമെന്റൽ & അറ്റ്മോസ്ഫെറിക് ടെക്‌നോളജീസ് എന്നിവരുമായി സഹകരിച്ചാണ് അബുദാബി എൻവിറോണ്മെന്റ് ഏജൻസി ഈ സംവിധാനം നടപ്പിലാക്കുന്നത്.
നാസ വികസിപ്പിച്ചെടുത്ത റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ നിന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള HEAT’s EDAR (എമിഷൻസ് ഡിറ്റക്ഷൻ ആൻഡ് റിപ്പോർട്ടിങ്ങ്) സിസ്റ്റം ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. വാഹനങ്ങളിൽ നിന്നുള്ള ബഹിർഗമനം തത്സമയം കണ്ടുപിടിക്കുന്നതിനും, നിര്‍ണ്ണയിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധ്യമാണ്.
അബുദാബിയിൽ ആറ് ഇടങ്ങളിലായാണ് ഈ സംവിധാനത്തിന്റെ മൂന്ന് ആഴ്ച്ച നീണ്ട് നിൽക്കുന്ന പരീക്ഷണം നടത്തുന്നത്. റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന വിവിധ തരം വാതകങ്ങളെ തത്സമയം തരംതിരിച്ച് വിശകലനം ചെയ്യുന്നതിനും, ഇതോടൊപ്പം വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നമ്പർ ബഹിർഗമന വിവരങ്ങൾക്കൊപ്പം സാങ്കേതിക ആവശ്യങ്ങൾക്കായി രേഖപ്പെടുത്തുന്നതിനും ഈ സംവിധാനത്തിന് സാധിക്കുന്നതാണ്. ഇതിനായി ഒരു സെക്കന്റിൽ താഴെ സമയമാണ് ഈ സംവിധാനം ഉപോയോഗിക്കുന്നത്.
എമിറേറ്റിലെ വായു മലിനീകരണം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള ഭാവി നടപടികൾക്ക് ഈ പദ്ധതി പിന്തുണ നൽകുന്നതാണ്. അബുദാബിയിലെ റോഡുകളിൽ ഏറ്റവും കൂടുതൽ മാലിന്യ ബഹിര്‍ഗമനം നടത്തുന്ന തരം വാഹനങ്ങൾ, ഇത്തരം വാഹന സാങ്കേതികവിദ്യകൾ എന്നിവ കണ്ടെത്തുന്നതിനും, മലിനീകരണം കുറയ്ക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ഈ സംവിധാനം സഹായകമാണ്.
WAM