അബുദാബി: അൽ ഷംഖ, അൽ ഷവാമേഖ് എന്നിവിടങ്ങളിൽ പുതിയ നടപ്പാതകൾ ഉദ്ഘാടനം ചെയ്തു

GCC News

അൽ ഷംഖയിലും, അൽ ഷവാമേഖയിലും അബുദാബി സിറ്റി മുനിസിപ്പാലിറ്റി രണ്ട് പുതിയ നടപ്പാതകൾ ഉദ്ഘാടനം ചെയ്തു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

8713.62 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് അൽ ഷംഖയിലെ നടപ്പാത. ഇതിൽ 4356.81 ലീനിയർ മീറ്ററുള്ള റണ്ണിംഗ് ട്രാക്കും, 465.08 ചതുരശ്ര മീറ്റർ റബ്ബർ ഫ്ലോറിംഗും ഉൾപ്പെടുന്നു.

അൽ ഷംഖയിലെ നടപ്പാതയിൽ ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി 13 കുടകൾ, വിശ്രമിക്കുന്നതിനായുള്ള 16 ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഈ നടപ്പാതയിൽ രണ്ട് ദിശാസൂചന ബോർഡുകൾ, കായിക പരിശീനത്തിനുള്ള 18 ഉപകരണങ്ങൾ, നടപ്പാതയുടെ വൃത്തിയും ആരോഗ്യകരമായ അന്തരീക്ഷവും നിലനിർത്താൻ വേസ്റ്റ് ബിന്നുകൾ, രാത്രികാലങ്ങൾ ആകർഷകമാക്കുന്നതിന് 42 ഫിക്‌ചറുകളുള്ള ലൈറ്റിംഗ് തൂണുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

3789 ചതുരശ്ര മീറ്റർ റണ്ണിംഗ് ഏരിയ ഉൾപ്പെടുത്തിയാണ് അൽ ഷവാമേഖ് മേഖലയിലെ നടപ്പാത നിർമ്മിച്ചിരിക്കുന്നത്. 7 കുടകൾ, 8 കായിക ഉപകരണങ്ങൾ, 9 സീറ്റുകൾ, 7 വേസ്റ്റ് ബിന്നുകൾ, 18 ലൈറ്റിംഗ് ഫിക്‌ചറുകൾ, 2 മാർഗ്ഗനിർദ്ദേശ ബോർഡുകൾ എന്നീ സൗകര്യങ്ങളും ഈ നടപ്പാതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

WAM