സൗദി: സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും

GCC News

രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതു സ്ഥാപനങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും നടക്കുന്ന സമൂഹ അകല നിയമങ്ങളിലെ ലംഘനങ്ങൾക്ക് ഈ ശിക്ഷാ നടപടി ബാധകമാണ്.

രാജ്യത്ത് COVID-19 വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി സൗദിയിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നവർക്ക് ശാരീരികോഷ്മാവ് പരിശോധന, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിബന്ധനകൾ ബാധകമാണ്.

ഇത്തരം നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും, ഇത്തരത്തിൽ പരമാവധി ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്‌കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.