നാലാമത് സേഫ് സമ്മർ ക്യാമ്പയിനുമായി അബുദാബി പോലീസ്

UAE

എമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള സേഫ് സമ്മർ ക്യാമ്പയിനിന്റെ നാലാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു. 2023 ജൂലൈ 24-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

പൊതുജനങ്ങൾക്കിടയിൽ വേനൽക്കാലത്ത് കൈക്കൊള്ളേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായാണ് അബുദാബി പോലീസ് ഇത്തരം ഒരു പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഈ ക്യാമ്പയിൻ 2023 ഓഗസ്റ്റ് 31 വരെ തുടരും.

ബോധവത്കരണ സന്ദേശങ്ങൾ, ഉപദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ മുതലായവ ഉപയോഗിച്ച് കൊണ്ടാണ് അബുദാബി പോലീസ് ഈ ക്യാമ്പയിൻ നടത്തുന്നത്. ഇതിനായി മാധ്യമങ്ങൾ, സാമൂഹിക കൂട്ടായ്മകൾ മുതലായ വിവിധ മാർഗ്ഗങ്ങൾ അബുദാബി പോലീസ് ഉപയോഗിക്കുന്നുണ്ട്.

നാലാമത് സേഫ് സമ്മർ ക്യാമ്പയിന്റെ പ്രധാന വിഷയങ്ങൾ:

  • ട്രാഫിക് സുരക്ഷ – വേനൽ അവധിദിനങ്ങളിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്‌കരണം.
  • സൈബർ സുരക്ഷ – വേനൽ അവധിദിനങ്ങളിൽ കുട്ടികൾക്കിടയിലെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അവബോധം.
  • കുട്ടികളുടെ സുരക്ഷ – സ്വിമ്മിങ്ങ് പൂളുകൾ, വാഹനങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് വേനൽക്കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച ബോധവത്‌കരണം.
  • വീടുകളുടെ സുരക്ഷ – അവധിക്കാല യാത്രകളിൽ വീടുകളുടെ സുരക്ഷ സംബന്ധിച്ച ബോധവത്‌കരണം.