അബുദാബി: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ പെർമിറ്റ് ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ

UAE

എമിറേറ്റിൽ ദിനവും ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സമയങ്ങളിൽ പ്രത്യേക മൂവേമെന്റ് പെർമിറ്റ് കൂടാതെ പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. അബുദാബിയിൽ 2021 ജൂലൈ 19 മുതൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെ അണുനശീകരണ പ്രവർത്തനങ്ങളും, ശുചീകരണ നടപടികളും നടപ്പിലാക്കി വരികയാണ്. ഈ നടപടികൾ തുടരുന്നതായും, അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ദിനവും രാത്രി ഏർപ്പെടുത്തുന്ന ഈ അഞ്ച് മണിക്കൂർ കർഫ്യു സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവ അനുവദിക്കുന്നതല്ലെന്നും, കർഫ്യു കാലയളവിൽ പൊതുജനങ്ങൾ തങ്ങളുടെ വീടുകളിൽ തുടരണമെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ദിനവും രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലയളവിൽ മരുന്ന്, ഭക്ഷണം മുതലായ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് അബുദാബി പൊലീസിൽ നിന്നുള്ള മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. https://www.adpolice.gov.ae/en/pages/home.aspx എന്ന വിലാസത്തിൽ നിന്ന് ഇത്തരം പെർമിറ്റ് ലഭിക്കുന്നതാണ്. അബുദാബി പോലീസ് ആപ്പിലൂടെയും ഈ പെർമിറ്റ് ലഭ്യമാണ്.

ഈ വെബ്‌സൈറ്റിൽ ‘Move Permit Request‘ എന്ന ബട്ടണിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മൊബൈൽ നമ്പർ നൽകിയശേഷം, OTP വെരിഫിക്കേഷൻ പൂർത്തിയാക്കി, അടിയന്തിര സാഹചര്യം സംബന്ധിച്ച വിവരങ്ങൾ നൽകിക്കൊണ്ട് ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി പ്രത്യേക രേഖകൾ ഒന്നും ആവശ്യമില്ല. ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നവർക്ക്, പെർമിറ്റ് അനുവദിക്കപ്പെട്ടോ എന്നത് സംബന്ധിച്ച് അബുദാബി പോലീസിൽ നിന്നുള്ള സ്ഥിരീകരണ സന്ദേശം ലഭിച്ച ശേഷം മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പെർമിറ്റുകൾ കൂടാതെ യാത്ര ചെയ്യുന്നവർക്ക് 3000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം മൂവ്മെന്റ് പെർമിറ്റുകൾ ലഭിക്കുന്നവർക്ക് ടാക്സി ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ ഈ കാലയളവിൽ പ്രവർത്തിക്കുന്നതല്ല. എയർ പോർട്ട് ടാക്‌സികൾ ഉപയോഗിക്കുന്നവർക്ക് പെർമിറ്റ് ആവശ്യമില്ല. ഈ നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് 8003333 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മറ്റു എമിറേറ്റുകളിൽ നിന്ന് ഡ്രൈവ് ചെയ്ത് അബുദാബിയിലേക്ക് യാത്രചെയ്യുന്നവർ, ദേശീയ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയങ്ങളിൽ എമിറേറ്റിൽ നിലനിൽക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കാൻ ജൂലൈ 24-ന് അബുദാബി പോലീസ് നിർദ്ദേശം നൽകിയിരുന്നു.

അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി എമിറേറ്റിലെ റഡാർ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.