അബുദാബി: ഏഴായിരം ദിർഹത്തിൽ കൂടുതലുള്ള പിഴതുകകൾ അടച്ച് തീർക്കാൻ പോലീസ് മുന്നറിയിപ്പ് നൽകി

featured UAE

എമിറേറ്റിൽ നിലവിൽ ഏഴായിരം ദിർഹത്തിൽ കൂടുതൽ പിഴതുകകൾ നിലനിൽക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ ഒഴിവാക്കാൻ പിഴതുകകൾ എത്രയും വേഗം അടച്ച് തീർക്കാൻ പോലീസ് വാഹന ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

2022 ഏപ്രിൽ 25-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ‘2020/ 5’ എന്ന നിയമത്തിലെ നടപടിക്രമങ്ങൾ പാലിച്ചാണ് ഇത്തരം നടപടികളെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ പിഴതുകകളും മൂന്ന് മാസത്തിനകം അടച്ച് തീർക്കാത്ത സാഹചര്യത്തിൽ അത്തരം വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

പിഴതുകകൾ അവ ലഭിക്കുന്ന തീയതി മുതൽ ഒരു വർഷത്തിനിടയിൽ പലിശ കൂടാതെ അടച്ച് തീർക്കാമെന്നും, ഇതിനായി എമിറേറ്റിലെ അഞ്ച് ബാങ്കുകളുടെ സേവനങ്ങൾ ഉപയോഗിക്കാമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേർഷ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മഷ്‌റെക് ബാങ്ക് എന്നീ ബാങ്കുകളിലൂടെ ഈ പിഴതുകകൾ അടയ്ക്കാവുന്നതാണെന്നും, പിഴ തുകകളിൽ 25 ശതമാനം കിഴിവ് ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.