COVID-19 പശ്ചാത്തലത്തിൽ എമിറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങൾ ഈദ് വേളയിൽ കർശനമായി പാലിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഒത്ത്ചേരലുകൾ ഒഴിവാക്കാനും, കൃത്യമായ സമൂഹ അകലം പാലിക്കാനും പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി.
പൊതു ഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലും ആഘോഷങ്ങൾക്കായി ഒത്ത്കൂടുന്നതും, വലിയ ആൾക്കൂട്ടത്തിനിടയാകുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതും ഒഴിവാക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈദ് വേളയിൽ പൊതു സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ അപകടത്തിലാക്കുന്ന സാമൂഹിക ആചാരങ്ങൾ ഒഴിവാക്കാനും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി പ്രായമായവരെയും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും സന്ദർശിക്കുന്നത് ഒഴിവാക്കാനും, ഈദ് ആശംസകൾ നേരുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാനും പോലീസ് നിർദ്ദേശിച്ചു. എമിറേറ്റിലെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് 10000 ദിർഹം പിഴചുമത്തുമെന്നും, ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് 5000 ദിർഹം പിഴചുമത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
എമിറേറ്റിലെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും ഒത്തുചേരലുകൾ അല്ലെങ്കിൽ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പൊതുജനങ്ങൾക്ക് 8002626 എന്ന ടോൾ നമ്പറിൽ വിളിക്കുകയോ, 2828 എന്ന നമ്പറിലേയ്ക്ക് SMS സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്. aman@adpolice.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയും ഇത്തരം പ്രവർത്തികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്.
Photo: WAM