അബുദാബി: ലോക പുകയില വിരുദ്ധ ദിന പ്രചാരണ പരിപാടികളുമായി ADPHC

GCC News

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പുതിയ പ്രചാരണ പരിപാടിയ്ക്ക് രൂപം നൽകി. പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും, പുകയിലയുടെ ഉപയോഗം അവസാനിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ‘പുകയില രഹിത അബുദാബിയ്ക്കായി ഒത്തൊരുമിക്കാം’ എന്ന ആശയത്തിൽ ഊന്നിയാണ് ADPHC ഈ വർഷത്തെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എല്ലാ വർഷവും മെയ് 31-നാണ് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്.

പുകവലി ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ, സിഗരറ്റ് പുക മൂലം പുകയില ഉപയോഗിക്കാത്തവർക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, ജനങ്ങൾക്കിടയിൽ ആരോഗ്യപരമായ ജീവിതരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പ്രചാരണ പരിപാടിയിലൂടെ ADPHC ലക്ഷ്യമിടുന്നു. ഇതോടൊപ്പം ജനങ്ങൾക്കിടയിൽ എല്ലാ തരത്തിലുള്ള പുകയില ഉപയോഗവും (ഇ-സിഗരറ്റ് പോലുള്ളവയുടെ ഉപയോഗം ഉൾപ്പടെ) ഒഴിവാക്കുന്നതിനുള്ള ബോധവത്കരണവും ADPHC നടപ്പിലാക്കുന്നു.

ഇതിനായി എമിറേറ്റിലെ മറ്റു വകുപ്പുകളുമായി ചേർന്ന് കൊണ്ട് ADPHC തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുകയിലയുടെ ദൂഷ്യഫലങ്ങൾ ചൂണ്ടിക്കാട്ടുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്ക് വെക്കുകയും ചെയ്യുന്നതാണ്.

പുകയില നമ്മളെയും, നമ്മുടെ ഭൂമിയെയും ഇല്ലാതാക്കുകയാണെന്ന് ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന (WHO) ചൂണ്ടിക്കാട്ടി. പുകയില ഉപയോഗം മൂലം എല്ലാ വർഷവും ഏതാണ്ട് 8 ദശലക്ഷം ആളുകൾ മരിക്കുന്നതായി ചൂണ്ടിക്കാട്ടിയ ലോകാരോഗ്യ സംഘടന പുകയില വ്യവസായം നമ്മുടെ പരിസ്ഥിതിയ്ക്കേൽപ്പിക്കുന്ന നികത്താനാകാത്ത വിനാശത്തെ പ്രത്യേകം എടുത്ത് കാട്ടി.

With inputs from WAM.