കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് അബുദാബി സ്പോർട്സ് കൗൺസിൽ മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി

GCC News

എമിറേറ്റിൽ സംഘടിപ്പിക്കുന്ന സാമൂഹിക കായിക മത്സരങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) അറിയിപ്പ് പുറത്തിറക്കി. ഓട്ടം, സൈക്കിളോട്ടം, തുറന്ന ജലാശയങ്ങളിൽ നടത്തുന്ന നീന്തൽ, വഞ്ചിയോട്ടം, ട്രയാത്തലൺ മുതലായ കായിക ഇനങ്ങളുടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ചാണ് ADSC നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഒക്ടോബർ 9-നാണ് ADSC ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ നടപടികൾ ADSC-യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദ്ദേശപ്രകാരം 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ല.

ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്ന വേദികളിലേക്കുള്ള പ്രവേശനം, പങ്കെടുക്കുന്നവരുടെ സുരക്ഷ, മത്സരയിനങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള നിർദ്ദേശങ്ങൾ ADSC ഈ അറിയിപ്പിലൂടെ നൽകിയിട്ടുണ്ട്.

മത്സരങ്ങൾ നടക്കുന്ന വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ:

  • ഇത്തരം വേദികളിലേക്ക് എത്തുന്നവർ നിർബന്ധമായും COVID-19 നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • വേദികളിൽ പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.
  • വേദികളിൽ പ്രവേശിക്കുന്നതിനും, പുറത്തു പോകുന്നതിനും പ്രത്യേകം കവാടങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
  • 2 മീറ്റർ അകലം ഓർമ്മപെടുത്തുന്നതിനുള്ള അടയാളങ്ങൾ പ്രദർശിപ്പിക്കണം.
  • മത്സരയിനങ്ങൾ തുടങ്ങുന്നതും, അവസാനിക്കുന്നതും വെവ്വേറെ ഇടങ്ങളിലായിരിക്കണം.

പങ്കെടുക്കുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ:

  • പങ്കെടുക്കുന്നവർക്ക് മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്.
  • 2 മീറ്റർ സാമൂഹിക അകലം ഉറപ്പാക്കേണ്ടതാണ്.
  • വേദികൾ തുടർച്ചയായി ശുചിയാക്കേണ്ടതും, അണുവിമുക്തമാക്കേണ്ടതുമാണ്.
  • പങ്കെടുക്കുന്നവർ, സംഘാടകർ തുടങ്ങി ഇത്തരം മത്സരങ്ങൾക്കെത്തുന്നവർ തമ്മിൽ ഹസ്തദാനം ഒഴിവാക്കേണ്ടതാണ്.
  • പങ്കെടുക്കുന്ന ഓരോരുത്തർക്കും സ്വകാര്യ വാട്ടർ ബോട്ടിലുകൾ ഉറപ്പാക്കേണ്ടതാണ്.

കായിക മത്സരങ്ങളുടെ രജിസ്‌ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ:

  • രജിസ്‌ട്രേഷൻ നടപടികൾ ADSC-യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ അനുവദിക്കൂ.
  • 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ല.
  • പങ്കെടുക്കുന്ന മുഴുവൻ പേർക്കും COVID-19 ടെസ്റ്റുകൾ നിർബന്ധമാണ്.

ഇതിനു പുറമെ മത്സരം അവസാനിക്കുന്ന ഇടങ്ങളിൽ ആളുകൾ ഒത്തുചേരാൻ അനുവദിക്കരുതെന്നും, ആഘോഷങ്ങളിൽ ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കാനും അറിയിപ്പിൽ നിർദ്ദേശമുണ്ട്.

Cover Image: @AbuDhabiSC