അബുദാബി: മാളുകളിലും, സൂപ്പർമാർക്കറ്റുകളിലും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രവേശിക്കാൻ അനുമതി നൽകി

UAE

കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, അബുദാബിയിലെ വിവിധ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന പ്രായപരിധി 60-ൽ നിന്ന് 70 ആയി ഉയർത്താൻ തീരുമാനിച്ചു. ജൂൺ 17-ലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയുടെ (NCEMA) അറിയിപ്പിനെത്തുടർന്നാണ് എമിറേറ്റിൽ ഈ നടപടി കൈകൊണ്ടിട്ടുള്ളത്.

ഇതിന്റെ ഭാഗമായി 70 വയസ്സുവരെ പ്രായമുള്ളവർക്ക് അബുദാബിയിലെ ഷോപ്പിംഗ് കേന്ദ്രങ്ങൾ, കോ-ഓപ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾക്ക് പുറത്തുള്ള വാണിജ്യ സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം ഇടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.