ദുബായ്: കൂടുതൽ വാണിജ്യ, വിനോദ മേഖലകളിൽ ഇളവുകൾ; പൊതുഇടങ്ങളിൽ 60 വയസ്സ് കഴിഞ്ഞവർക്കും കുട്ടികൾക്കും പ്രവേശിക്കാം

Family & Lifestyle GCC News

ജൂൺ 18 മുതൽ എമിറേറ്റിലെ വാണിജ്യ, വിനോദ, സാംസ്‌കാരിക മേഖലകളിലെ കൂടുതൽ പ്രവർത്തനങ്ങൾക്കും, സേവനങ്ങൾക്കും അനുമതി നൽകാൻ ദുബായിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചു. കർശനമായ ആരോഗ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഈ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുവാദം നൽകിയിട്ടുള്ളത്.

ഈ തീരുമാനപ്രകാരം ജൂൺ 18 മുതൽ ദുബായിൽ പ്രവർത്തിക്കാൻ അനുവദിച്ചിട്ടുള്ള മേഖലകൾ:

  • പൊതു ലൈബ്രറികൾ, ആർട്ട് ഗാലറികൾ, സ്വകാര്യ മ്യൂസിയങ്ങൾ എന്നിവ എല്ലാ പ്രായപരിധിയിലുള്ളവർക്കും പ്രവേശിക്കാനുള്ള അനുമതിയോടെ ആരംഭിക്കും.
  • പ്രായമായവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് വീടുകളിൽ നേരിട്ട് ആരോഗ്യ പരിചരണങ്ങൾ നൽകുന്ന സേവനങ്ങൾ പുനരാരംഭിക്കും.
  • നീന്തൽ കുളങ്ങൾ, ഹെൽത്ത് സെന്ററുകൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ എന്നിവ പുനരാരംഭിക്കും.
  • ക്യാമ്പിംഗ് പ്രവർത്തനങ്ങൾക്ക് അനുവാദം.
  • വാട്ടർ പാർക്കുകൾ, വാട്ടർ സ്പോർട്സ് മുതലായവ പുനരാരംഭിക്കും.
  • വീടുകളിൽ എത്തി നൽകുന്ന സൗന്ദര്യ വർദ്ധക സേവനങ്ങൾക്ക് അനുവാദം നൽകി.
  • രണ്ടര മണിക്കൂറിൽ കൂടുതൽ സമയം ആവശ്യമുള്ള തിരഞ്ഞെടുത്ത ശസ്ത്രക്രിയകൾക്ക് അനുവാദം നൽകും.
  • 3D, 4D സിനിമാ ഹാളുകൾ തുറക്കാൻ അനുമതി.
  • ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിലെ കുട്ടികളുടെ കളിയിടങ്ങൾക്ക് പ്രവർത്തനാനുമതി.

ദുബായിലെ പൊതുജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് കൂടുതൽ വാണിജ്യ, വിനോദ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ ഇളവുകൾ നടപ്പിലാക്കുമ്പോൾ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കാനും, കൂടുതൽ ഉത്തരവാദിത്വബോധം പുലർത്താനും പൊതുജനങ്ങളോട് അധികൃതർ ആവശ്യപെട്ടിട്ടുണ്ട്.

പൊതുഇടങ്ങളിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ദുബായിൽ ഒഴിവാക്കി

വാണിജ്യ കേന്ദ്രങ്ങളിലും മറ്റു പൊതു ഇടങ്ങളിലും, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും, രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ദുബായിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഷോപ്പിംഗ് കേന്ദ്രങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾക്ക് പുറത്തുള്ള വാണിജ്യ സ്ഥാപനങ്ങൾ, റെസ്ടാറന്റുകൾ മുതലായ ഇടങ്ങളിൽ എല്ലാവർക്കും പ്രവേശിക്കാൻ കഴിയും. മാസ്കുകൾ, സമൂഹ അകലം, മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ ഇത്തരം ഇടങ്ങളിൽ നിർബന്ധമാണ്.

യു എ ഇയിൽ രാജ്യവ്യാപകമായി, നിയന്ത്രണങ്ങളുടെ പ്രായപരിധി 60 വയസ്സിൽ നിന്ന് 70 ആയി ഉയർത്താൻ ജൂൺ 17-നു രാത്രി തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ദുബായിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് അധികൃതർ പ്രായമായവരെ വാണിജ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ദുബായിൽ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഇത്തരം ഇടങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മറ്റ് എമിറേറ്റുകളിൽ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും, 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും നിയന്ത്രണങ്ങൾ തുടരും.