സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഏർപ്പെടുത്തുന്നു

featured GCC News

ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി ഇത്തവണ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഏർപ്പെടുത്തിയതായി സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി വ്യക്തമാക്കി. 2023 ജൂൺ 22-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി ഹജ്ജ് തീർത്ഥാടകർക്ക് അറഫയിൽ നിന്ന് മുസ്ദലിഫ വരെയുള്ള യാത്രാ സേവനങ്ങൾ നൽകുന്നതിനായി സ്വയമേവ പ്രവർത്തിക്കുന്ന ഇലക്ട്രിക് ബസുകളാണ് അതോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. സുസ്ഥിരത, പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളുടെ പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ടാണ് ഈ നടപടി.

നിർമ്മിത ബുദ്ധി, കാമറകൾ, മറ്റു സെൻസറുകൾ എന്നിവ ഉപയോഗപ്പെടുത്തുന്ന ഈ ബസുകൾ 4 കിലോമീറ്റർ വീതം നീളമുള്ള റൂട്ടിലാണ് സർവീസ് നടത്തുന്നത്. ഇത്തരത്തിൽ ആറ് റൂട്ടുകളാണ് ഒരുക്കിയിരിക്കുന്നത്.

മനുഷ്യരുടെ സഹായം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് മുൻകൂട്ടി നിശ്ചയിച്ച ഒരു പാതയിലൂടെ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തിക്കൊണ്ട് സഞ്ചരിക്കുന്ന രീതിയിലാണ് ഈ ബസുകൾ പ്രവർത്തിക്കുന്നത്. ഇത്തരം ബസുകളിൽ ഒരേസമയം 11 പേർക്ക് വരെ സഞ്ചരിക്കാവുന്നതാണ്. പരമാവധി മണിക്കൂറിൽ 30 കിലോമീറ്റർ എന്ന വേഗതയിലാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്.

Cover Image: Saudi Press Agency.