ദുബായ്: അഹ്‌മദ്‌ ബിൻ മുഹമ്മദ് നാലാമത് ലോക പോലീസ് ഉച്ചകോടി സന്ദർശിച്ചു

GCC News

ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാലാമത് ലോക പോലീസ് ഉച്ചകോടി സന്ദർശിച്ചു. 2025 മെയ് 14-നാണ് അദ്ദേഹം ലോക പോലീസ് ഉച്ചകോടിയുടെ വേദിയിലെത്തിയത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് വേൾഡ് പോലീസ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. നാലാമത് ലോക പോലീസ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന പ്രത്യേക പ്രദർശനവേദിയിലൂടെ അദ്ദേഹം പര്യടനം നടത്തി.

ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ലാഹ് ഖലീഫ അൽ മാരി അദ്ദേഹത്തെ അനുഗമിച്ചു.

Source: WAM.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് സെക്യൂരിറ്റി എന്നിവ ഉൾപ്പടെ നിയമപരിപാലനത്തിനായി ഉപയോഗിക്കുന്ന അതിനൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ അദ്ദേഹം നേരിട്ട് മനസ്സിലാക്കി. 200-ൽ പരം ആഗോള കമ്പനികൾ ഈ പ്രദർശനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

ലോക പോലീസ് ഉച്ചകോടിയുടെ നാലാമത് പതിപ്പ് 2025 മെയ് 13, ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാലാമത് ലോക പോലീസ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

നാലാമത് ലോക പോലീസ് ഉച്ചകോടി മെയ് 15-ന് സമാപിക്കും. യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് സംഘടിപ്പിക്കുന്ന ഈ ത്രിദിന ഉച്ചകോടി നടക്കുന്നത്.

“ബിയോണ്ട് ദി ബാഡ്ജ്: എൻവിഷൻ ദി നെക്സ്റ്റ് ഇറ ഓഫ് പൊലീസിങ്” എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ പോലീസ് ഉച്ചകോടി ഒരുക്കിയിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ആഗോളതലത്തിൽ ഏകീകൃതമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വിളംബരം ചെയ്താണ് നാലാമത് ലോക പോലീസ് ഉച്ചകോടി ആരംഭിച്ചത്.