ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യോമയാന സേവനങ്ങൾ താത്കാലികമായി പുനരാരംഭിക്കുന്നതിനായി, ഇന്ത്യയും ബഹ്‌റൈനും തമ്മിൽ പ്രത്യേക ‘എയർ ബബിൾ’ കരാറിൽ ഏർപ്പെട്ടതായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയുടെയും, ബഹ്‌റൈനിന്റെയും വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ കൈകൊണ്ടിട്ടുള്ള ഈ പ്രത്യേക ധാരണപ്രകാരം, ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തുന്നതാണ്. സെപ്റ്റംബർ 11, വെള്ളിയാഴ്ച്ച വൈകീട്ടാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
ഈ ധാരണപ്രകാരം ഒരു നിശ്ചിത പരിധിയിലുള്ള സർവീസുകളായിരിക്കും ഇരു രാജ്യങ്ങളുടെയും വിമാനകമ്പനികൾ നടത്തുന്നത്. ഇത്തരം വിമാനസർവീസുകളിൽ യാത്രചെയ്യാൻ അനുവാദമുള്ളവരെ സംബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രകൾ:
- ബഹ്‌റൈൻ പൗരന്മാർ.
- ബഹ്‌റൈനിൽ നിന്നുള്ള സാധുത വിസയുള്ള ഇന്ത്യൻ പൗരന്മാർ. ട്രാൻസിറ്റ് യാത്രകൾ അനുവദനീയമല്ല എന്നും, ബഹ്‌റൈനിലേക്ക് മാത്രമുള്ള യാത്രികർക്കാണ് അനുവാദമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഓരോ വിഭാഗം വിസകൾക്കും ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുകൾ ഇല്ലായെന്ന് വിമാനകമ്പനികൾ ടിക്കറ്റ് നല്കുന്നതിനുമുൻപായി ഉറപ്പാക്കേണ്ടതാണ്.
ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾ:
- ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ.
- ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുള്ള ബഹ്‌റൈൻ പാസ്സ്‌പോർട്ട് ഉള്ളവർ.
- ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ബഹ്‌റൈൻ പൗരന്മാർ.
ഈ നിബന്ധനകൾക്ക് വിധേയമായി ഇരു രാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികൾക്കും ഓൺലൈനിലൂടെയും, ഏജൻസികൾ വഴിയും ടിക്കറ്റുകൾ വിൽക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും എംബസി അറിയിപ്പിൽ പറയുന്നുണ്ട്. യാത്രാ ടിക്കറ്റുകൾക്കായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഗൾഫ് എയർ എന്നീ വിമാനകമ്പനികളെ സമീപിക്കാവുന്നതാണ്.