നാല് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള COVID-19 RT-PCR പരിശോധനാ ഫലങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള സുപ്രധാന അറിയിപ്പായാണ് സെപ്റ്റംബർ 28-നു രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
എതാനം ദിവസങ്ങൾക്ക് മുൻപ്, യാത്രികരുടെ കൊറോണ വൈറസ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾക്ക് ദുബായ് ഏർപ്പെടുത്തിയ ഹ്രസ്വമായ പ്രവർത്തന വിലക്കിന്റെ പശ്ചാത്തലത്തിലാണ്, ദുബായ് യാത്രകളിൽ നാല് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ നിരാകരിക്കാൻ തീരുമാനിച്ചത്.
ദുബായ് അധികൃതരുടെ നിർദ്ദേശപ്രകാരം, ദുബായിലേക്ക് യാത്ര ചെയ്യുന്ന യാത്രികരോട് ഇന്ത്യയിലുള്ള പ്യുവർ ഹെൽത്ത് അംഗീകൃത ലാബുകളിൽ നിന്നുള്ള COVID-19 RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനും എയർ ഇന്ത്യ എക്സ്പ്രസ്സ് നിർദ്ദേശിച്ചിട്ടുണ്ട്.
താഴെ പറയുന്ന ഇന്ത്യൻ ലാബുകളിൽ നിന്നുള്ള RT-PCR റിപ്പോർട്ടുകൾ നിരാകരിക്കാൻ ദുബായിലെ കാര്യനിര്‍വ്വഹണ അധികൃതർ നിർദ്ദേശിച്ചതായും എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്:
- സൂര്യം ലാബ്, ജയ്‌പൂർ (Suryam Lab in Jaipur)
- കേരളത്തിലെ നഗരങ്ങളിലുള്ള മൈക്രോഹെൽത്ത് ലാബുകൾ (Microhealth Lab)
- ഡോ. പി. ഭാസിൻ പാത്ത്‌ലാബ്സ് (P) Ltd, ഡൽഹി (Dr. P. Bhasin Pathlabs (P) LTD, Delhi)
- നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ, ഡൽഹി (Noble Diagnostic Centre, Delhi)