ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള ഏറ്റവും പുതിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി

GCC News

ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്രചെയ്യുന്നവർ പാലിക്കേണ്ടതായ യാത്രാ നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി. ഈ നിർദ്ദേശങ്ങൾ പാലിക്കുന്ന യാത്രികർക്ക് മാത്രമാണ് യാത്രാനുമതി നൽകുന്നതെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കിയിട്ടുണ്ട്.

https://twitter.com/FlyWithIX/status/1384717625100357642

ഏപ്രിൽ 21, ബുധനാഴ്ച്ച രാവിലെയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, ഇന്ത്യ-ഒമാൻ യാത്രികർക്ക് താഴെ പറയുന്ന യാത്രാ നിബന്ധനകളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ബാധകമാക്കിയിരിക്കുന്നത്.

  • ഇന്ത്യയിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുൻപ്, എയർപോർട്ടിൽ പതിനഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾ ഒഴികെയുള്ള മുഴുവൻ യാത്രികരും COVID-19 PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
  • ഒമാനിലെത്തുന്ന സമയത്തിന് മുൻപ്, 72 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള COVID-19 PCR നെഗറ്റീവ് സർട്ടിഫിക്കറ്റായിരിക്കണം.
  • ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ (ICMR) അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ മാത്രമാണ് അനുവദിക്കുന്നത്.
  • പതിനഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമാണ് COVID-19 PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് സംബന്ധിച്ച ഇളവ് അനുവദിച്ചിരിക്കുന്നത്.
  • ഒമാനിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ വിദേശികൾക്കും ഒമാനിൽ സാധുതയുള്ള COVID-19 ചികിത്സാ പരിരക്ഷയുള്ള അന്താരാഷ്ട്ര ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. സൗജന്യ ആരോഗ്യ പരിചരണ സേവനം സംബന്ധിച്ച പ്രത്യേക കാർഡുകൾ ഉള്ളവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകുന്നതാണ്.
  • മുഴുവൻ യാത്രികരും, ഒമാനിലെത്തിയ ശേഷമുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിന് ആവശ്യമായ ഹോട്ടൽ ബുക്കിംഗ് രേഖകൾ (ചുരുങ്ങിയത് 7 ദിവസത്തെ ബുക്കിംഗ്) ഹാജരാക്കേണ്ടതാണ്. https://covid19.emushrif.om/ എന്ന വിലാസത്തിൽ ഈ ബുക്കിംഗ് സേവനം ലഭ്യമാണ്.

താഴെ പറയുന്ന വിഭാഗങ്ങൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിന് ഇളവ് അനുവദിക്കുന്നതാണ്:

  • ഇത്തരത്തിൽ യാത്രചെയ്യുന്ന ഒമാൻ പൗരന്മാർക്ക് ഹോം ക്വാറന്റീൻ അനുവദിക്കുന്നതാണ്.
  • പതിനെട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി സഞ്ചരിക്കുന്ന ഒമാൻ റെസിഡൻഷ്യൽ വിസകളിലുള്ള പ്രവാസികൾ.
  • നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ.
  • ഒമാനിലേക്ക് തനിയെ സഞ്ചരിക്കുന്ന പതിനെട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ.
  • പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുള്ളവർ.