ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ്: പദ്ധതിയുടെ കാലാവധി 2022 ജനുവരി 14 വരെ നീട്ടിയതായി അജ്‌മാൻ പോലീസ്

featured UAE

എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി 2022 ജനുവരി 14 വരെ നീട്ടിയതായി അജ്‌മാൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു. ഡിസംബർ 30-നാണ് അജ്‌മാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ആനുകൂല്യം നവംബർ 21 മുതൽ 2021 ഡിസംബർ 31 വരെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ അറിയിപ്പോടെ 2022 ജനുവരി 14 വരെ ഈ പ്രത്യേക ഇളവോടെ പിഴ തുകകൾ ഒടുക്കുന്നതിന് എമിറേറ്റിലെ ജനങ്ങൾക്ക് അവസരം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം പിഴതുകകൾ 50 ശതമാനം കുറയ്ക്കുന്നതിനും, ട്രാഫിക് പോയിന്റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികൾ എന്നിവ ഒഴിവാക്കാനും തീരുമാനിച്ചതായി അജ്‌മാൻ പോലീസ് നേരത്തെ അറിയിച്ചിരുന്നു. അജ്മാനിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന ഗുരുതര നിയമലംഘനങ്ങൾ ഒഴികെയുള്ള ട്രാഫിക് ലംഘനങ്ങൾക്ക് ഈ ഇളവ് ലഭിക്കുന്നതാണ്.