എമിറേറ്റിൽ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു. 2022 നവംബർ 10-നാണ് അജ്‌മാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.
2022 നവംബർ 11-ന് മുൻപ് ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നത്. 2022 നവംബർ 21 മുതൽ 2023 ജനുവരി 6 വരെയുള്ള കാലയളവിലാണ് ഈ ഇളവ് ലഭിക്കുന്നത്.
ഇതിൽ താഴെ പറയുന്ന ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഒഴികെയുള്ള പിഴതുകകൾക്ക് ഈ ഇളവ് ലഭ്യമാക്കുന്നതാണ്:
- മറ്റുള്ളവരുടെ ജീവനും, സുരക്ഷയ്ക്കും, സ്വന്തം ജീവനും അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം (വലിയ ചരക്ക് വാഹനങ്ങൾ ഉൾപ്പടെ) ഓടിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ.
- ഓവർടേക്ക് ചെയ്യുന്നതിന് അനുമതിയില്ലാത്ത ഇടങ്ങളിൽ ട്രക്ക് ഡ്രൈവർമാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിന് ചുമത്തിയിട്ടുള്ള പിഴതുകകൾ.
- 80 കിലോമീറ്ററിലധികമുള്ള പരമാവധി വേഗപരിധി സംബന്ധിച്ച നിബന്ധനകളുടെ ലംഘനം.
- അനുമതി കൂടാതെ വാഹനങ്ങളുടെ എഞ്ചിൻ, ചട്ടക്കൂട് എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ.