റോഡുകളിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി എമിറേറ്റിൽ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു. നിർമ്മിതബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ഗേറ്റ് സംവിധാനം അടിയന്തിര ഘട്ടങ്ങളോട് കൂടുതൽ വേഗത്തിൽ പ്രതികരിക്കുന്നതിന് അജ്‌മാൻ പോലീസിനെ സജ്ജമാക്കുന്നു.
സേഫ് സിറ്റി ഗ്രൂപ്പുമായി ചേർന്നാണ് അജ്‌മാൻ പോലീസ് ഈ സംവിധാനം പ്രവർത്തനക്ഷമമാക്കിയിട്ടുള്ളത്. ഇതിനായുള്ള കരാറിൽ അജ്‌മാൻ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയും, സേഫ് സിറ്റി ഗ്രൂപ്പ് സി ഇ ഒ അലി മൊഹ്‌സീൻ അൽ മാമരി എന്നിവർ ഒപ്പ് വെച്ചു.
കൃത്രിമബുദ്ധിയുടെ ഉപയോഗത്താൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും, സുരക്ഷാ സാഹചര്യങ്ങൾ പ്രവചിക്കുന്നതിനും, കുറ്റകൃത്യങ്ങളെ നേരിടുന്നതിനും ഈ നടപടി സഹായകമാണെന്ന് മേജർ ജനറൽ അൽ നുഐമി വ്യക്തമാക്കി.