അജ്‌മാൻ: വീടുകളിലെ സെക്യൂരിറ്റി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും പങ്ക് വെക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

UAE

വീടുകളിലെ സെക്യൂരിറ്റി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വെക്കരുതെന്ന് അജ്മാൻ പോലീസ് മുന്നറിയിപ്പ് നൽകി. വീടുകളിലെ സെക്യൂരിറ്റി കാമറകളുടെയും, ഇവയിൽ നിന്നുള്ള ദൃശ്യങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി അജ്‌മാൻ പോലീസ് ‘ദി ഐസ് ഓഫ് ഹോം’ എന്ന ഒരു പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട്.

അജ്‌മാൻ പൊലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ സമൂഹസുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം ചീഫ് മേജർ നൗറ സുൽത്താൻ അൽ ഷംസി വ്യക്തമാക്കി.

എമിറേറ്റിലെ ഭവനങ്ങളിൽ സെക്യൂരിറ്റി കാമറകൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, അതോടൊപ്പം സമൂഹത്തിലെ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനും ഈ പ്രചാരണ പരിപാടിയിലൂടെ പോലീസ് ലക്ഷ്യമിടുന്നതായി അവർ അറിയിച്ചു. സുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന വിവരങ്ങൾ പൊതു ഇടങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് അറിയിച്ച അൽ ഷംസി, ഹോം സെക്യൂരിറ്റി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊതുഇടങ്ങളിൽ പങ്ക് വെക്കുന്നത് ഇതിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി.

വീടുകളിൽ സ്ഥാപിക്കുന്ന കാമറകൾ കുടുംബത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണെന്നും, ഇവയിൽ നിന്നുള്ള ദൃശ്യങ്ങൾ പൊതു ഇടങ്ങളിൽ പ്രസിദ്ധീകരിക്കാനുള്ളതല്ലെന്നും അവർ വ്യക്തമാക്കി. ഹോം സെക്യൂരിറ്റി കാമറകളിൽ പതിയുന്ന സംശയകരമായ പ്രവർത്തനങ്ങൾ ഉടൻ തന്നെ സെക്യൂരിറ്റി അധികൃതരെ അറിയിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തരം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റും പങ്ക് വെക്കുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വന്നേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.