മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ ഒക്ടോബർ 15, വ്യാഴാഴ്ച രാവിലെ 8.10 നാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും.
കഥയായാലും കവിതയായാലും അതിന്റെ കാതൽ സ്നേഹമാണെന്ന് മലയാളികൾക്ക് മനസ്സിലാക്കിത്തന്നു അദ്ദേഹം. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46-ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.
‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ,
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’
എന്നും മറ്റുള്ളവരുടെ ദുഃഖങ്ങൾ ഒപ്പിയെടുക്കാൻ ശേഷിയുള്ള ഈ വരികൾ നമുക്ക് നല്കിയ മഹാകവി; മരണം കവർന്നെടുത്തത് വെറും ശരീരം മാത്രം, പക്ഷെ ആ കാവ്യ ശില്പങ്ങൾ കാലാന്തരങ്ങൾ പിന്നിട്ട് ജീവനുള്ള തേജസ്സോടെ ജ്വലിക്കുമാറാകട്ടെ.
Cover Image: Vicharam