സൗദിയിലെ അൽ-അഹ്‌സ ഗിന്നസ് ബുക്കിൽ ഇടം നേടി; ലോകത്തെ ഏറ്റവും വലിയ മരുപ്പച്ച

Saudi Arabia

സൗദി അറേബ്യയുടെ കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അൽ-അഹ്‌സ ഒയാസിസ്‌ ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയായി ഗിന്നസ് ബുക്കിൽ ഇടം നേടി. ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് നൽകുന്ന വിവരങ്ങൾ പ്രകാരം ഏതാണ്ട് 85.4 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ പരന്നു കിടക്കുന്ന ഈ മരുപ്പച്ചയിൽ 2.5 ദശലക്ഷം ഈന്തപ്പനകൾ വളരുന്നുണ്ട്.

ഏതാണ്ട് 280-തോളം നീരുറവകൾ ഉൾക്കൊള്ളുന്നതാണ് ഈ മേഖലയിലെ ജലശേഖരം. യുനെസ്കോയുടെ ആഗോള പൈതൃകപട്ടികയിൽ ഇടം നേടിയിട്ടുള്ള അൽ-അഹ്‌സ ചരിത്രപരമായും, പരിസ്ഥിതി സംബന്ധമായും വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്.

മേഖലയിലെ വിവിധ നാഗരികതകളുടെ വളർച്ചയിൽ ഈ മരുപ്പച്ച സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. ആയിരകണക്കിന് വർഷങ്ങൾ പഴക്കമുള്ള നിരവധി ദേശീയ പൈതൃക ഇടങ്ങൾ ഉൾകൊള്ളുന്ന അൽ-അഹ്‌സ, സൗദിയിലെ ഏറ്റവും പഴക്കമേറിയ മനുഷ്യ അധിവാസ മേഖലകളിലൊന്നാണ്.

അൽ-അഹ്സയിലെ ഈന്തപ്പനകൾ നിറഞ്ഞ മരുപ്പച്ച പൂർണ്ണമായും മണൽ പ്രദേശങ്ങളാൽ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ചയാണ്.

Images: Saudi Press Agency.