അൽ ഐൻ പുസ്തകമേളയുടെ പതിനാലാമത് പതിപ്പ് ഇന്ന് (2023 നവംബർ 19, ഞായറാഴ്ച) ആരംഭിക്കും. ഇത്തവണത്തെ അൽ ഐൻ പുസ്തകമേളയുടെ ഭാഗമായി ഏതാണ്ട് നാനൂറിലധികം പരിപാടികൾ അരങ്ങേറുന്നതാണ്.
ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ 2023 നവംബർ 19 മുതൽ നവംബർ 25 വരെയാണ് സംഘടിപ്പിക്കുന്നത്. അൽ ഐനിലെ ഒമ്പത് പ്രധാന ഇടങ്ങളിലായാണ് ഈ പുസ്തകമേള നടത്തുന്നത്.
അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT), അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. നേരത്തെ ‘അൽ ഐൻ ബുക്ക് ഫെയർ’ എന്ന പേരിൽ നടത്തി വന്നിരുന്ന ഈ പുസ്തകമേള പതിമൂന്നാമത് പതിപ്പ് മുതൽ ‘അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ’ (AABF) എന്ന പേരിലാണ് നടത്തുന്നത്.
പതിനാലാമത് അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ താഴെ പറയുന്ന ഇടങ്ങളിലായാണ് നടത്തുന്നത്:
- അൽ ഐൻ സ്‌ക്വയർ, ഹസ്സ ബിൻ സായിദ് സ്റ്റേഡിയം.
- സായിദ് സെൻട്രൽ ലൈബ്രറി.
- ഖസ്ർ അൽ മുവൈജി.
- ബൈത് മുഹമ്മദ് ബിൻ ഖലീഫ.
- യു എ ഇ യൂണിവേഴ്സിറ്റി
- അൽ ഖത്തറ ആർട്സ് സെന്റർ.
- അൽ ഐൻ മാൾ.
- ബരാരി മാൾ.
- അൽ ഫൊഅഹ് മാൾ.
‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് ഈ പുസ്തകമേള ഒരുക്കുന്നത്. മേളയുടെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികളും, കലാ പരിപാടികളും അരങ്ങേറുന്നതാണ്.
150-ൽ പരം പ്രസാധകർ ഈ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് അറുപത്തിനായിരത്തിലധികം വ്യത്യസ്‌ത പുസ്തകങ്ങളാണ് ഈ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുസ്ഥിരത എന്ന ആശയത്തിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് ഈ വർഷം അൽ ഐൻ പുസ്തകമേള ഒരുക്കിയിരിക്കുന്നത്.
Cover Image: A file Image from WAM.