അബുദാബി: അൽ ഐൻ മൃഗശാലയിലെ സമ്മർ ക്യാമ്പ് 2023 ഓഗസ്റ്റ് ഏഴിന് ആരംഭിക്കും

featured GCC News

അൽ ഐൻ മൃഗശാലയിൽ വെച്ച് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക സമ്മർ ക്യാമ്പ് 2023 ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. 2023 ഓഗസ്റ്റ് 7 മുതൽ 11 വരെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

‘മൃഗശാലയിൽ നിന്നുള്ള കഥകൾ’ എന്ന പ്രമേയത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൗതുകവും, രസകരവുമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഈ ക്യാമ്പിലെ സ്ലോട്ടുകൾ ഓഗസ്റ്റ് 3 വരെ ബുക്ക് ചെയ്യാം.

പ്രകൃതിയെയും വന്യജീവികളെയും തൊട്ടറിയുന്നതിനും, പ്രകൃതി, വന്യമൃഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രാധാന്യം മനസിലാക്കുന്നതിനും ഭാവി തലമുറകൾക്ക് ഈ ക്യാമ്പ് അവസരമൊരുക്കുന്നു. കുട്ടികളിൽ പ്രകൃതിയോടുള്ള ജിജ്ഞാസയും സ്നേഹവും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ക്യാമ്പ് ഒരുക്കുന്നത്.

മൃഗശാലയിലെ മൃഗങ്ങളെയും, ഭൂമിയിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവർ വഹിക്കുന്ന സുപ്രധാന പങ്കിനെയും പരിചയപ്പെടാനുള്ള സമാനതകളില്ലാത്ത അവസരം ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. ശൈഖ് സായിദ് ഡെസേർട്ട് ലേണിംഗ് സെന്റിലെ കല, കരകൗശല ശിൽപശാലകൾ, മരുഭൂമി ശാസ്ത്ര പഠനങ്ങൾ എന്നിവയ്‌ക്കൊപ്പം മൃഗ നിരീക്ഷണ പ്രവർത്തനങ്ങൾ, ടീം വർക്കിന്റെയും സഹകരണത്തിന്റെയും ബോധം വളർത്തുന്ന ഗ്രൂപ്പ് മത്സരങ്ങൾ എന്നിവയുൾപ്പെടെ സമ്പന്നവും വൈവിധ്യമാർന്നതുമായ പ്രവർത്തനങ്ങളും അനുഭവങ്ങളും നൽകുന്ന രീതിയിലാണ് ക്യാമ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ക്യാമ്പിൽ, പങ്കെടുക്കുന്നവർക്ക് ‘ദി ലിറ്റിൽ ഫയർഫൈറ്റർ’ ആക്റ്റിവിറ്റി, ‘ദി ആൻസസ്‌റ്റേഴ്‌സ് സെഡ്’ പൈതൃക സംബന്ധിയായ പ്രവർത്തനങ്ങൾ, ആവേശകരമായ ജബൽ ഹഫീത് ഗുഹയിലെ നിധി വേട്ട പോലുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയ തുറന്നതും ഊർജ്ജസ്വലവുമായ അന്തരീക്ഷത്തിൽ സംവദിക്കാനും പഠിക്കാനുമുള്ള അവസരം ലഭിക്കുന്നതാണ്. സമ്മർ ക്യാമ്പിൽ വിനോദവും കളിയും മാത്രമല്ല, മൃഗശാലയുടെ “വേൾഡ് ഓഫ് സസ്‌റ്റൈനബിലിറ്റി” എന്ന സംരംഭത്തിലൂടെ സുസ്ഥിരതയെക്കുറിച്ചുള്ള പ്രധാന സന്ദേശങ്ങളും അടങ്ങിയിരിക്കുന്നു; ഇത് കുട്ടികളിൽ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തബോധം വളർത്താനും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ അറിയിക്കാനും ലക്ഷ്യമിടുന്നു.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണിവരെയും, വെള്ളിയഴ്ചയിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 11 മണിവരെയുമാണ് ഈ ക്യാമ്പ്. ആറ്‌ മുതൽ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം. “education@alainzoo.ae” എന്ന ഇമെയിൽ വഴിയോ, 034442997 എന്ന ഫോൺ നമ്പർ വഴിയോ ഈ വേനൽക്കാല ക്യാമ്പിൽ രജിസ്റ്റർ ചെയ്യാം.

WAM