സൗദി അറേബ്യയിലെ അൽ ഫൗ ആർക്കിയോളജിക്കൽ മേഖല യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റിയാദ് മേഖലയിലെ ‘കൾച്ചറൽ ലാൻഡ്സ്കേപ്പ് ഓഫ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ’ UNESCO വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ രജിസ്റ്റർ ചെയ്തതായി യുനെസ്കോ അറിയിച്ചിട്ടുണ്ട്. സൗദി സാംസ്കാരിക വകുപ്പ് മന്ത്രിയും, ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ പ്രിൻസ് ബദ്ർ ബിൻ അബ്ദുല്ലാഹ് ബിൻ ഫർഹാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മാനവികതയ്ക്ക് ആഗോളതലത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു സാംസ്കാരിക മേഖല എന്ന രീതിയിലാണ് അൽ ഫൗ ആർക്കിയോളജിക്കൽ പ്രദേശം ലോക പൈതൃക പട്ടികയിലിടം നേടിയിരിക്കുന്നത്. ജൂലൈ 22 മുതൽ 31 വരെ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46-മത് യോഗത്തിലായിരുന്നു ഈ പ്രഖ്യാപനം.
ഇതോടെ സൗദി അറേബ്യയിൽ നിന്ന് ലോക പൈതൃക പട്ടികയിലിടം നേടിയിട്ടുള്ള ഇടങ്ങളുടെ എണ്ണം എട്ടായിട്ടുണ്ട്. അൽ ഹിജ്ർ ആർക്കിയോളജിക്കൽ സൈറ്റ്, അൽ തുറൈഫ് ഡിസ്ട്രിക്ട്, ഹിസ്റ്റോറിക് ജിദ്ദ, ഹൈൽ മേഖലയിലെ റോക്ക് ആർട്, അൽ അഹ്സ ഒയാസിസ്, ഹിമ കൾച്ചറൽ ഏരിയ, ഉറുഖ് ബാനി മാരിദ് പ്രൊട്ടക്ടഡ് ഏരിയ എന്നിവയാണ് സൗദി അറേബ്യയിൽ നിന്ന് UNESCO വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഇടംനേടിയിട്ടുള്ള മറ്റ് പ്രദേശങ്ങൾ.
റിയാദ് മേഖലയിൽ നിന്ന് തെക്ക് ദിശയിൽ വാദി അൽ ദവാസിർ ഗവർണറേറ്റിലാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 50 സ്ക്വയർ കിലോമീറ്ററിലായി പരന്ന് കിടക്കുന്ന ഈ സംരക്ഷിത പ്രദേശത്തിന് ചുറ്റും 275 സ്ക്വയർ കിലോമീറ്റർ ബഫർ മേഖലയുണ്ട്.
റൂബ് അൽ ഖാലി മരുഭൂമിയും, തുവൈഖ് പർവതത്തിന്റെ മേഖലയും തമ്മിൽ ചേരുന്നിടത്തുള്ള ചെറിയ ഇടനാഴി പോലുള്ള പ്രദേശമാണ് അൽ ഫൗ.
ചരിത്രാതീത കാലം മുതൽക്കുളള പുരാവസ്തു അവശേഷിപ്പുകൾ നിറഞ്ഞ ഒരു മേഖലയാണിത്. പൗരാണിക സാംസ്കാരിക, വാസ്തുവിദ്യാ അടയാളങ്ങൾ ഏറെയുള്ള അവശേഷിപ്പുകൾ, പ്രാചീന ജലസേചന നിർമ്മിതികൾ, കല്ലിലുള്ള കൊത്ത് പണികൾ, മുദ്രണങ്ങൾ തുടങ്ങിയവ ഈ മേഖലയിൽ ധാരാളമുണ്ട്.
Saudi Press Agency.