സൗദി: റിയാദ് സീസൺ 2022 ലോഗോ പ്രകാശനം ചെയ്തു

featured GCC News

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2022 പതിപ്പിന്റെ ലോഗോ 2022 സെപ്റ്റംബർ 7-ന് പ്രകാശനം ചെയ്തു. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്‌ഖാണ് ലോഗോ പ്രകാശനം ചെയ്തത്.

‘ഭാവനകൾക്ക് അതീതം’ എന്ന ആശയത്തിലൂന്നിയാണ് റിയാദ് സീസൺ 2022 ഒരുക്കുന്നത്. ഈ ആശയം പുതിയ സീസണിന്റെ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Source: Riyadh Season. Video Screen grab.

ഈ മേളയുടെ 2022 സീസണിൽ കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ ആകർഷണങ്ങളും, പരിപാടികളും, സന്ദർശകർക്കായുള്ള അത്ഭുതങ്ങളും ഉൾപ്പെടുത്തുമെന്ന് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്. ഈ മേള സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിനങ്ങളിൽ പ്രഖ്യാപിക്കുന്നതാണ്.

‘റിയാദ് സീസൺ 2021’ 2021 ഒക്ടോബർ 20 മുതൽ 2022 മാർച്ച് 31-വരെയുള്ള കാലയളവിലാണ് നടന്നത്. റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ആകെ പതിനഞ്ച് ദശലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തിരുന്നു. സൗദിയുടെ വിനോദസഞ്ചാര മേഖലയിൽ വലിയ ഉണർവേകുന്നതിൽ റിയാദ് സീസൺ വലിയ പങ്ക് വഹിച്ചിരുന്നു.

റിയാദ് സീസൺ 2021 ഏതാണ്ട് 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തിയാണ് ഒരുക്കിയിരുന്നത്. 7500-ഓളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഈ മേളയുടെ 2021 പതിപ്പിന്റെ ഭാഗമായി അരങ്ങേറിയത്.