2023-ലെ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ സൗദി അറേബ്യയിലെ പ്രാചീന അറബിക് നഗരമായ അൽ ഉലയെ തിരഞ്ഞെടുത്തു.
സൗദി സാംസ്കാരിക വകുപ്പ് മന്ത്രി പ്രിൻസ് ബദ്ർ ബിൻ ഫർഹാൻ അൽ സഊദ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. ഈ പട്ടികയിൽ അൽ ഉലയെ ഉൾപ്പെടുത്തിയതിന് അദ്ദേഹം കോണ്ടേ നാസ്റ്റ് ട്രാവലർ മാസികയ്ക്ക് നന്ദി അറിയിച്ചു.
റിയാദിൽ നിന്ന് ആയിരത്തിഒരുനൂറ് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന അൽ ഉല പ്രദേശം ചരിത്ര അവശേഷിപ്പുകളുടെയും, പ്രകൃതി ഒരുക്കിയിട്ടുള്ള വിസ്മയക്കാഴ്ചകളുടെയും കലവറയാണ്.
ചരിത്രപരമായും, സാംസ്കാരികപരമായും ഏറെ പ്രാധാന്യം അർഹിക്കുന്ന, വടക്ക് പടിഞ്ഞാറൻ സൗദിയിലെ അൽ ഉല 2020 ഒക്ടോബർ 31 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തിരുന്നു. തുറന്ന മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന അൽ ഉലയിലെ UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഹെഗ്ര, പുരാതന നഗരിയായ ദദാൻ, ജബൽ ഇക്മാഹ് മലയിടുക്ക് തുടങ്ങിയ പൈതൃക ഇടങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ സന്ദർശകരെ അനുവദിച്ചത്.
ഈ മേഖലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ 2020 ജൂലൈയിൽ പൂർത്തിയാക്കിയിരുന്നു. 2035-ഓടെ അൽ ഉലയിലേക്ക് വർഷം തോറും ഏതാണ്ട് 2 ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്
2023-ലെ ഏഴ് ലോകാത്ഭുതങ്ങളുടെ പട്ടിക
കോണ്ടേ നാസ്റ്റ് ട്രാവലർ പ്രസിദ്ധീകരിച്ച 2023-ലെ ഏഴ് ലോകാത്ഭുതങ്ങളുടെ പട്ടിക https://www.cntraveller.com/gallery/seven-wonders-of-the-world എന്ന വിലാസത്തിൽ ലഭ്യമാണ്. ഈ പട്ടിക അനുസരിച്ച് 2023-ലെ ഏഴ് ലോകാത്ഭുതങ്ങൾ താഴെ പറയുന്നവയാണ്:
- ഫ്രാൻസിലെ മോണ്ട് സാൻ മിച്ചൽ.
- അർജന്റീനയിലെ പെരിറ്റോ മൊറേനോ ഗ്ലേഷ്യർ.
- സൗദി അറേബ്യയിലെ അൽ ഉല.
- ഭൂട്ടാനിലെ ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി.
- തുർക്കിയിലെ കപ്പഡോഷ്യ.
- ഗ്രേറ്റ് ബ്രിട്ടനിലെ ലേക്ക് ഡിസ്ട്രിക്ട്.
- സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന സാർഡീൻ റൺ (സാർഡീൻ മത്സ്യങ്ങളുടെ ദേശാന്തരഗമനം).
Images: @BadrFAlSaud