എക്സ്പോ 2020 ദുബായ്: സാംസ്‌കാരിക നാഴികക്കല്ലായി ‘അൽ വാസൽ താഴികക്കുടം’

UAE

ലോകത്തിലെ ഏറ്റവും സവിശേഷമായ സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച അൽ വാസൽ ഡോം പ്ലാസ എക്സ്പോ 2020 ദുബായിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. ഒരു കിരീടത്തിന്റെ ആകൃതിയിലുള്ളതും എക്സ്പോ 2020 ദുബായിയുടെ കിരീടത്തെ പ്രതിനിധീകരിക്കുന്നതുമായ അൽ വാസൽ താഴികക്കുടം ദുബായിലെ ഒരു സാംസ്‌കാരിക നാഴികക്കല്ലാണ്.

മനുഷ്യ നിർമ്മിതമായ സാംസ്കാരിക അടയാളങ്ങളിൽ ഒരു പുതിയ എമിറാറ്റി വിജയകഥ ലോകത്തോട് വിളിച്ചുപറയുന്നതാണ് അതുല്യമായ ഒരു ഡിസൈൻ ഉൾക്കൊള്ളുന്ന ഈ താഴികക്കുടം. 2021 ഒക്ടോബർ 1-ന്, ദുബായ് എക്സ്പോ 2020-ന്റെ ചരിത്രപരമായ ഉദ്ഘാടന വേളയിൽ, ലോകം ഒരു പുതിയ ആഗോള സാംസ്കാരിക കേന്ദ്രമായി അൽ വാസൽ ഡോം പ്ലാസയെ തിരിച്ചറിഞ്ഞു.

പഴയ ദുബായിയുടെ പേരാണ് അൽ വാസൽ ഡോമിന് നൽകിയിരിക്കുന്നത്. ഒരു താഴികക്കുടത്തിന് കീഴിൽ, വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നും വംശങ്ങളിൽ നിന്നുമുള്ള ആളുകളെ അണിനിരത്തുകയും, ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ അൽ വാസൽ ഡോം പ്ലാസ “മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക” എന്ന എക്‌സ്‌പോയുടെ പ്രമേയം ഉയർത്തിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ, അന്താരാഷ്ട്ര വാസ്തുവിദ്യാ ഐക്കണായ ബുർജ് അൽ അറബ്, ജുമൈറ പാം, ദുബായ് ഫ്രെയിം, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ഖോർ ദുബായ് ടവർ തുടങ്ങി നിരവധി ഐതിഹാസിക ലാൻഡ്‌മാർക്കുകൾ ദുബായിൽ സ്ഥിതിചെയ്യുന്നു. നൂതനത്വത്തിനും സുസ്ഥിര ആശയങ്ങൾക്കും പേരുകേട്ട ഈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പുതിയ സാംസ്കാരിക ലാൻഡ്മാർക്ക് ആണ് അൽ വാസൽ ഡോം.

ഇറ്റലി, മെക്സിക്കോ, യുഎസ്, കാനഡ, ഫിൻലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, പ്രാദേശിക, അന്തർദേശീയ കമ്പനികൾ എന്നിവരുടെ സഹകരണത്തോടെയാണ് യു എ ഇ അൽ വാസൽ ഡോം നിർമ്മിച്ചിരിക്കുന്നത്. ഈ താഴികക്കുടത്തിന്റെ വ്യാസം 130 മീറ്ററും, ഉയരം 67.5 മീറ്ററുമാണ്. അതേസമയം ഇതിൽ ഉപയോഗിച്ചിട്ടുള്ള ഇരുമ്പ് ബീമുകളുടെ ആകെ നീളം ബുർജ് ഖലീഫയുടെ 16 മടങ്ങ് നീളത്തിന് തുല്യമായ 13.6 കിലോമീറ്ററാണ്.

ഈ താഴികക്കുടത്തിന്റെ ഭാരം 350 ടൺ ആണ്. ഒരു എയർബസ് A380 വിമാനത്തിന്റെ ഭാരത്തിന് തുല്യം ഭാരമുള്ള ഈ താഴികക്കുടത്തിന്റെ റെയിലിംഗുകൾ എൽഇഡി ലൈറ്റുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. 2544 ടൺ സ്റ്റീൽ ഉപയോഗിച്ചാണ് അൽ വാസൽ ഡോം നിർമ്മിച്ചിരിക്കുന്നത്. 1162 വളഞ്ഞ ഉരുക്ക് ഭാഗങ്ങൾ അൽ വാസൽ ഡോമിന്റെ പ്രധാന ഘടനയിൽ 346 കലാപരമായ ഭാഗങ്ങൾ സൃഷ്ടിക്കുന്നു.

സ്റ്റീൽ, ഫാബ്രിക് മേൽക്കൂര കൊണ്ട് മൂടിയിരിക്കുന്ന ഒരു താഴികക്കുടത്തിന്റെ രൂപത്തിലാണ് ഇവിടെയുള്ള രംഗസ്ഥലം ഒരുക്കിയിരിക്കുന്നത്. എക്സ്പോ 2020 ദുബായ് മുന്നോട്ട് വെക്കുന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപ്പന. അകത്തു നിന്നും, പുറത്തു നിന്നും കാണാവുന്ന ഒരു കൂറ്റൻ 360 ഡിഗ്രി ഡിസ്പ്ലേ സ്ക്രീനും ഈ താഴികക്കുടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

താഴികക്കുടം പ്രകാശിപ്പിക്കുന്നതിനായി 2742 എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇവ 25,000 മീറ്ററിലധികം വൈദ്യുത കേബിളുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. താഴികക്കുടത്തിനുള്ളിലെ പ്രധാന ആകർഷക ഇനങ്ങളായ ലൈറ്റിംഗ്, 360 ഡിഗ്രി ഡിസ്പ്ലേ, സൗണ്ട് ഇഫക്റ്റുകൾ എന്നിവയിലേക്ക് വൈദ്യുതി, വെള്ളം, സാങ്കേതികവിദ്യ എന്നിവ വിതരണം ചെയ്യാൻ സിരകൾ പോലെ പ്രവർത്തിക്കുന്ന ഒരു പ്രധാന ശൃംഖല ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

അൽ വാസൽ ഡോം പ്ലാസയിലും, അതിന്റെ താഴത്തെ തലത്തിലുള്ള തീം പ്രദേശങ്ങളിലും ഒരു ഭൂഗർഭ തുരങ്കവും നിർമ്മിച്ചിട്ടുണ്ട്. ഇത് അൽ വാസൽ ഡോം പ്ലാസയെയും ഓപ്പർച്യുണിറ്റി, മൊബിലിറ്റി, സസ്റ്റൈനബിലിറ്റി എന്നീ പവലിയനുകളെയും ബന്ധിപ്പിക്കുന്നു. എക്സ്പോ സമയത്ത് സേവനങ്ങൾ വേഗത്തിലാക്കാൻ സർവീസ് റൂമുകളും ഹൈഡ്രോളിക് ലിഫ്റ്റുകളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

ഒരു ഭീമൻ 360 ഡിഗ്രി ഡിസ്പ്ലേ സ്ക്രീനായി ഉപയോഗിക്കുന്ന താഴികക്കുടത്തിന്റെ പുറംചട്ടയിലൂടെ സൂര്യപ്രകാശം അകത്തേക്ക് കടക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ താഴികക്കുടത്തിന് ചുറ്റുമായി നിരവധി ബഹുവിധ കെട്ടിടങ്ങൾ ഉൾകൊള്ളുന്ന ഒരു പാർക്ക് ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്ലാസകളോട് മത്സരിക്കുന്ന ഒരു പൊതു ഇടമാണ് പ്രാദേശികവും അന്തർദേശീയവുമായ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുകയും എക്സ്പോ അതിഥികളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന അൽ വാസൽ ഡോം പ്ലാസ.

WAM