എക്സ്പോ സിറ്റി ദുബായ്: അലിഫ്, ടെറ പവലിയനുകളിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാം; ടിക്കറ്റ് വില്പന ആരംഭിച്ചു

featured GCC News

എക്സ്പോ സിറ്റി ദുബായിൽ നിലനിർത്തിയിട്ടുള്ള മൊബിലിറ്റി പവലിയനായ അലിഫ്, സസ്റ്റൈനബിലിറ്റി പവലിയനായ ടെറ എന്നിവയിലേക്ക് സന്ദർശർക്ക് പ്രവേശനം അനുവദിക്കുന്നത് ആരംഭിച്ചു. 2022 സെപ്റ്റംബർ 1 മുതലാണ് എക്സ്പോ സിറ്റി ദുബായിയുടെ ഏതാനം ആകർഷണങ്ങളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്.

https://twitter.com/ExpoCityDubai/status/1565351020435509250

ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി എക്സ്പോ സിറ്റി ദുബായിയുടെ ഏതാനം ആകർഷണങ്ങൾ അടുത്തറിയുന്നതിന് സന്ദർശകർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണിത്. 2022 ഒക്ടോബർ 1-നാണ് എക്സ്പോ സിറ്റി ദുബായ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.

അലിഫ്, ടെറ പവലിയനുകൾക്ക് പുറമെ എക്സ്പോ സിറ്റിയുടെ 360 ഡിഗ്രി പനോരമിക് ദൃശ്യങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഗാർഡൻ ഇൻ ദി സ്കൈ നിരീക്ഷണ ടവറിലേക്കും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. https://tickets.expocitydubai.com എന്ന വിലാസത്തിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. എക്സ്പോ സിറ്റിയിലെ ഓഫീസുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.

ടിക്കറ്റ് നിരക്കുകൾ:

  • അലിഫ്, ടെറ പവലിയനുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള നിരക്കുകൾ: ഓരോ പവലിയനും 50 ദിർഹം. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.
  • ഗാർഡൻ ഇൻ ദി സ്കൈ നിരീക്ഷണ ടവർ: 30 ദിർഹം. 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.

എക്‌സ്‌പോ 2020 ദുബായ് പ്രദർശനം നടന്ന വേദിയെ എക്‌സ്‌പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായും, 2022 ഒക്ടോബറിൽ എക്‌സ്‌പോ സിറ്റി ദുബായ് തുറന്ന് കൊടുക്കുമെന്നും ദുബായ് ഭരണാധികാരിയായ H.H.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തെ പ്രഖ്യാപിച്ചിരുന്നു.