അബുദാബി: സെപ്റ്റംബർ 5 മുതൽ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരികെ പ്രവേശിക്കും

UAE

എമിറേറ്റിലെ സർക്കാർ ഓഫീസുകളിലും, സ്ഥാപനങ്ങളിലും 100 ശതമാനം ഹാജർ നടപ്പിലാക്കാനുള്ള തീരുമാനത്തിന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് സപ്പോർട്ട് അംഗീകാരം നൽകി. ഇതോടെ 2021 സെപ്റ്റംബർ 5 മുതൽ എമിറേറ്റിലെ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരികെ പ്രവേശിക്കുന്നതാണ്.

ഓഫീസുകളിലെ നേരിട്ടെത്തുന്നു മുഴുവൻ ആളുകളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള കർശനമായ മുൻകരുതൽ നടപടികളോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. 2021 സെപ്റ്റംബർ 5 മുതൽ അബുദാബിയിലെ സർക്കാർ ഓഫീസുകളിൽ താഴെ പറയുന്ന തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്:

  • വാക്സിനെടുത്തവരും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചിട്ടുള്ളവരും Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉപയോഗിച്ച് കൊണ്ട് ഓഫീസുകളിൽ പ്രവേശിക്കേണ്ടതാണ്. ഇവർ സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള ടെസ്റ്റിംഗ് നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതാണ്.
  • വാക്സിനെടുക്കാത്ത ജീവനക്കാർ എല്ലാ 7 ദിവസം തോറും PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • ഈ നിബന്ധനകൾ പാലിക്കാത്ത ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് അനുമതി ഉണ്ടായിരിക്കില്ല. ഇത്തരക്കാർ ജോലിയിൽ ഹാജരായിട്ടില്ല എന്ന് കണക്കാക്കുന്നതും, വാർഷിക ലീവ് അല്ലെങ്കിൽ മാസ ശമ്പളത്തിൽ നിന്ന് ഇത് കുറയ്ക്കുന്നതുമാണ്.
  • സർക്കാർ സ്ഥാപനങ്ങളിലെത്തുന്ന വാക്സിനെടുത്തിട്ടുള്ള സന്ദർശകർ, ഉപഭോക്താക്കൾ എന്നിവർക്ക് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.
  • വാക്സിനെടുക്കാത്ത സന്ദർശകർ, ഉപഭോക്താക്കൾ എന്നിവർ 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് ലഭിച്ചിട്ടുള്ള, ഗ്രേഡ് 10 അല്ലെങ്കിൽ അതിൽ താഴെയുള്ള ക്‌ളാസുകളിൽ പഠിക്കുന്ന കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക്, ഒരു രക്ഷിതാവിന് റിമോട്ട് വർക്കിങ്ങ് അനുവദിക്കുന്ന രീതിയിൽ ഓഫീസുകളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.