2023-2024 സാംസ്കാരിക സീസണിന്റെ ഭാഗമായി ലൂവർ അബുദാബി അഞ്ച് വലിയ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു

featured UAE

2023-2024 സാംസ്കാരിക സീസണിന്റെ ഭാഗമായി ലൂവർ അബുദാബി അഞ്ച് വലിയ പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കലാ, സാംസ്‌കാരിക മേഖലകളിൽ ആഗോളതലത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരിടമായി അബുദാബിയെ മാറ്റുന്നതും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാപരമായ കഴിവുകൾ, മനുഷ്യന്റെ സർഗ്ഗശക്തി എന്നിവ എടുത്ത് കാട്ടുന്നതും ലക്ഷ്യമിട്ടാണിത്.

2023-2024 സാംസ്കാരിക സീസണിന്റെ ഭാഗമായി ലൂവർ അബുദാബിയിൽ സംഘടിപ്പിക്കുന്ന പ്രധാന പ്രദർശനങ്ങൾ:

  • ലൂവർ അബുദാബി ചിൽഡ്രൻസ് മ്യൂസിയത്തിൽ നടക്കുന്ന ‘പിക്ച്ചറിങ്ങ് ദി കോസ്മോസ്’ പ്രദർശനം – 2023 ജൂലൈ 18 മുതൽ 2025 ജൂൺ വരെ. ബാഹ്യാകാശ ശാസ്ത്ര സംബന്ധിയായ കലാരൂപങ്ങളെ കുട്ടികൾക്കായി അവതരിപ്പിക്കുന്ന പ്രദർശനം.
  • ലെറ്റേഴ്സ് ഓഫ് ലൈറ്റ് – 2023 സെപ്തംബർ 13 മുതൽ 2024 ജനുവരി 14 വരെ. മൂന്ന് അബ്രഹാമിക് മതങ്ങളുടെ പുണ്യഗ്രന്ഥങ്ങളെക്കുറിച്ചുള്ള പ്രദർശനം.
  • ‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ പ്രദർശനം – 2023 നവംബർ 15 മുതൽ 2024 മാർച്ച് 24 വരെ. കാർടിയറുടെ ജനപ്രിയ രൂപകല്‌പനകളിൽ ഇസ്ലാമിക കല ചെലുത്തിയിട്ടുള്ള സ്വാധീനം.
  • ‘ലൂവർ അബുദാബി ആർട്ട് ഹിയർ 2023’ പ്രദർശനം – 2023 നവംബർ 21 മുതൽ 2024 ഫെബ്രുവരി വരെ. മൂന്നാം റിച്ചാർഡ് മില്ലെ ആർട്ട് പ്രൈസിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കലാകാരന്മാരുടെ രചനകൾ.
  • ‘ഫേബിൾസ് ഫ്രം ഈസ്റ്റ് ആൻഡ് വെസ്റ്റ്’ പ്രദർശനം- 2024 മാർച്ച് 20 മുതൽ 2024 ജൂലൈ 14 വരെ. മൃഗങ്ങളും, പക്ഷികളും മറ്റും കഥാപാത്രങ്ങളായ പുരാതന കാലഘട്ടങ്ങളിൽ പ്രചരിച്ചിരുന്ന കെട്ടുകഥകൾ കലകളിൽ ചെലുത്തിയിട്ടുള്ള സ്വാധീനം എടുത്ത് കാട്ടുന്ന പ്രദർശനം.