റാസ് അൽ ഖൈമയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും പ്രവർത്തനം ജൂലൈ 5, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി എല്ലാ ജീവനക്കാരോടും ജൂലൈ 5 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ റാസ് അൽ ഖൈമ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് വിജ്ഞാപനം നൽകിയിട്ടുണ്ട്.
യു എ ഇയിലെ സർക്കാർ മേഖലയിലെ എല്ലാ ജീവനക്കാരോടും ജൂലൈ 5, ഞായറാഴ്ച്ച മുതൽ ഓഫിസുകളിൽ എത്താൻ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് COVID-19 പശ്ചാത്തലത്തിൽ അനുവദിച്ചിരുന്ന ഇളവുകൾ ഒഴിവാക്കാൻ റാസ് അൽ ഖൈമ തീരുമാനിച്ചിട്ടുള്ളത്.
യു എ ഇ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ജീവനക്കാർക്ക് മാത്രമായിരിക്കും ജൂലൈ 5 മുതൽ ഇളവുകൾ നൽകുക. ഇത്തരം ജീവനക്കാർ തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച്, ഔദ്യോഗിക മെഡിക്കൽ കമ്മിറ്റി അംഗീകരിച്ച വിശദമായ റിപ്പോർട്ട് നൽകേണ്ടതാണ്.
ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എമിറേറ്റിലെ വിവിധ മേഖലകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഈ തീരുമാനം. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകൾ എടുത്താണ് ഓഫീസുകൾ പ്രവർത്തനം ആരംഭിക്കുക. സമൂഹ അകലം ഉറപ്പാക്കുന്നതിനും, ജീവനക്കാർ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനും, വിവിധ വിഭാഗം ജീവനക്കാർക്ക് വ്യത്യസ്ത പ്രവർത്തന സമയങ്ങൾ നല്കുന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.