പുതുവത്സര വേളയിൽ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളും, ആഘോഷപരിപാടികളുമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഒരുങ്ങുന്നു

featured UAE

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളും, ആഘോഷപരിപാടികളും അരങ്ങേറുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു. 2022-നെ വരവേൽക്കുന്നതിനായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ലോകോത്തര നാടോടി, വിനോദ പരിപാടികളും, പ്രകടനങ്ങളും അണിനിരക്കുമെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.

യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷാവർഷം നടത്തിവരുന്ന ഈ മേള ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സാംസ്കാരിക, വിനോദ ഉത്സവങ്ങളിലൊന്നാണെന്നതിന് അടിവരയിടുന്നതാണ് ഈ നടപടി. പുതുവത്സര വേളയിൽ 2022-നെ സ്വാഗതം ചെയ്യുന്നതിനായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ മികച്ച ഇവന്റുകളുടെയും ഷോകളുടെയും ഒരു പരമ്പര തന്നെ ഒരുക്കുന്നതായി സംഘാടകർ വ്യക്തമാക്കി.

2022-ലെ പുതുവത്സരത്തിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള 40 മിനിറ്റ് ദൈർഘ്യമുള്ള ഏറ്റവും വലിയ കരിമരുന്ന് പ്രദർശനം അരങ്ങേറുന്നതാണ്. ഇതോടൊപ്പം 2022-നെ സ്വാഗതം ചെയ്ത് കൊണ്ട് ‘WELCOME 2022’ എന്ന ആശയത്തിന് കീഴിൽ 2022 ഡ്രോണുകൾ ഉപയോഗിച്ച് അൽ വത്ബയുടെ ആകാശത്ത് സഞ്ചരിക്കുന്ന ഭീമാകാരമായ ഡ്രോൺ ഷോയും സംഘടിപ്പിക്കുന്നതാണ്.

ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഇത്തരത്തിലുള്ള ഡ്രോൺ ഷോ ആയിരിക്കുമിത്. ഫെസ്റ്റിവലിലെ പുതുവത്സര ആഘോഷങ്ങളിൽ “വോയ്‌സ് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്” എന്ന സംഗീത കച്ചേരിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐദ അൽ മെൻഹാലി, തന്റെ ഏറ്റവും ജനപ്രിയമായ നിരവധി ഗാനങ്ങൾ ആലപിക്കുന്നതാണ്. ഇറാഖി ഗായകൻ അലി സാബറും തന്റെ ചില മികച്ച ഗാനങ്ങൾ അവതരിപ്പിക്കാൻ ഈ കച്ചേരിയിൽ പങ്ക് ചേരുന്നതാണ്.

File Photo Sheikh Zayed Festival January 1, 2021 [Source: WAM]

ഇതിന് പുറമെ, കുട്ടികൾക്കായി നിരവധി പ്രത്യേക പരിപാടികൾ, തിയറ്റർ ഷോകൾ, സർക്കസ് പ്രകടനങ്ങൾ, അൽ ഫോർസാൻ ഇന്റർനാഷണൽ സ്‌പോർട്‌സ് റിസോർട്ടിലെ വിനോദ പരിപാടികൾ, ഫൺഫെയർ സിറ്റിയിലെ രസകരമായ ഗെയിമുകൾ എന്നിവയുൾപ്പെടെ ഡിസംബർ 31-ന് വൈകീട്ട് 4 മണി മുതൽ രാത്രി 1 മണിവരെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നിരവധി പരിപാടികൾ സംഘാടകർ ഒരുക്കുന്നതാണ്.

File Photo Sheikh Zayed Festival January 1, 2021 [Source: WAM]

പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകൾ വൈവിധ്യമാർന്ന കാർണിവൽ വിനോദ പ്രകടനങ്ങൾ, അന്താരാഷ്ട്ര കലാ-സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയിലൂടെ പുതുവർഷപ്പിറവി ആഘോഷിക്കുന്നതാണ്. ഫെസ്റ്റിവൽ സന്ദർശകർക്ക് വിവിധ പവലിയനുകൾക്കിടയിൽ നടന്ന് വർണ്ണാഭമായ നാടോടി കലകളും കരകൗശലങ്ങളും, ലോകമെമ്പാടുമുള്ള പങ്കെടുക്കുന്ന രാജ്യങ്ങളുടെ പരമ്പരാഗത ഗാനങ്ങളും നൃത്തങ്ങളും അവരുടെ പരമ്പരാഗത വേഷവിധാനങ്ങളിൽ വിദഗ്ധരായ കലാകാരന്മാരും കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ വിനോദപരിപാടികളും അന്താരാഷ്ട്ര സ്റ്റേജുകളിൽ ആസ്വദിക്കാവുന്നതാണ്. ഈ പ്രകടനങ്ങളുടെ മുൻനിരയിൽ പ്രമുഖ എമിറാത്തി കലാകാരന്മാർ അവതരിപ്പിക്കുന്ന വളരെ ജനപ്രിയമായ എമിറാത്തി പൈതൃക നൃത്തങ്ങളായ അൽ യോല, അൽ റസ്ഫ എന്നിവയും അരങ്ങേറുന്നതാണ്.

2021 നവംബർ 18 മുതൽ 2022 ഏപ്രിൽ 1 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

യു എ ഇയുടെ അമ്പതാം ദേശീയദിനാഘോഷം, ഗോൾഡൻ ജൂബിലി എന്നിവയുടെ ഭാഗമായി അബുദാബി, അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

WAM. Cover Photo: File Photo Sheikh Zayed Festival January 1, 2021 [Source: WAM]