അബുദാബി: നിയമ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ പുതിയ പതിപ്പുമായി ADJD

featured GCC News

ഉപഭോക്താക്കൾക്ക് നിയമ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ പുതുക്കിയ പതിപ്പ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) പുറത്തിറക്കി. 2024 മാർച്ച് 24-നാണ് ADJD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഉപയോക്താക്കൾക്ക് അവരുടെ ജുഡീഷ്യൽ ഫയലുകൾ സൗകര്യപ്രദമായി ലഭ്യമാക്കുന്നതിനും, അബുദാബി എമിറേറ്റിലെ എല്ലാ കോടതികളിലും പ്രോസിക്യൂഷൻ യൂണിറ്റുകളിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിയുന്നതിനും ഈ പുതുക്കിയ ADJD ആപ്പിലൂടെ സാധിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ വിപുലമായതും സംയോജിതവുമായ ഒരു സംവിധാനം നൽകുന്നതിന് ലക്ഷ്യമിട്ടാണ് ഈ ആപ്പ് പുതിക്കിയിരിക്കുന്നത്.

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ വീക്ഷണത്തിനും ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രി, പ്രസിഡൻഷ്യൽ കോടതി ചെയർമാൻ, എഡിജെഡി ചെയർമാൻ എന്നീ പദവികൾ വഹിക്കുന്നതുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങൾക്കും അനുസരിച്ചാണ് പുതിയ ആപ്പ് പതിപ്പ് പുറത്തിറക്കിയതെന്ന് ADJD അണ്ടർസെക്രട്ടറി കൗൺസിലർ യൂസഫ് സയീദ് അലബ്രി വ്യക്തമാക്കി. ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ് പദ്ധതികളിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായി ഡിജിറ്റൽ പരിവർത്തനത്തിൻ്റെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിൽ ADJD കാര്യമായ പുരോഗതി പ്രകടമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യു എ ഇ പാസുമായി (ഡിജിറ്റൽ ഐഡി) ബന്ധിപ്പിച്ചിരിക്കുന്ന ഈ അപ്‌ഡേറ്റ് ചെയ്‌ത ആപ്പ് ഉപയോഗിച്ച് കൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ കേസുകളുടെ വിശദാംശങ്ങൾ നിരീക്ഷിക്കാനും രേഖകൾ അപ്‌ലോഡ് ചെയ്യാനും കോടതികളിലും പബ്ലിക് പ്രോസിക്യൂഷൻ യൂണിറ്റുകളിലും അവരുടെ കേസുകളുടെ നില പരിശോധിക്കാനും കഴിയുന്നതാണ്. അപേക്ഷകൾ നൽകുന്നതിനും, വിവിധ പിഴതുകകൾ, കോടതിയിൽ അടയ്‌ക്കേണ്ടതായ മറ്റു തുകകൾ തുടങ്ങിയവ ആപ്പിൾ പേ, ഗൂഗിൾ പേ എന്നിവയുൾപ്പെടെ വിവിധ ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് അടയ്ക്കുന്നതിനും, കോടതി കേസുകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) അപ്‌ഡേറ്റ് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് സാധിക്കുന്നതാണ്.

വ്യവഹാരക്കാർക്ക് അവരുടെ കേസുകളിൽ നൽകിയ വിധിന്യായങ്ങൾ, ആവശ്യമായ നടപടിക്രമങ്ങൾ, അവരുടെ ജുഡീഷ്യൽ ഫയലുകളിലെ സംഭവവികാസങ്ങൾ, കോടതി ഹിയറിംഗുകൾ, സമർപ്പിച്ച അപേക്ഷകൾ എന്നിവയെക്കുറിച്ചുള്ള അലേർട്ടുകൾ എന്നിവ അറിയിക്കുന്നതിനായി ഒരു പുതിയ നോട്ടിഫിക്കേഷൻ സേവനവും ഈ ആപ്പിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.